കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയുടെ മകൾ മിറായ വധേരയുടെ സ്വത്ത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു. മിറായക്കെതിരെ ഇയാൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് അംഗം പ്രമോദ് ഗുപ്ത നൽകിയ പരാതിയിലാണ് നടപടി. മിറായക്ക് 3000 കോടി രൂപയുടെ സ്വത്തുണ്ടെന്നായിരുന്നു ട്വീറ്റ്. പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ തെറ്റായതും അടിസ്ഥാനരഹിതവുമായ ട്വീറ്റ് പോസ്റ്റ് ചെയ്തത് കോൺഗ്രസിന്റെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുകയും ജനമനസ്സിൽ പാർട്ടിയോട് വെറുപ്പ് തോന്നുകയും ചെയ്യുമെന്ന് ഗുപ്ത പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (കലാപത്തിനുള്ള പ്രകോപനം), 469 (വ്യാജരേഖ ചമക്കൽ), 500 (അപകീർത്തിപ്പെടുത്തൽ), 505 (മറ്റേതെങ്കിലും സമുദായത്തിനെതിരായ കുറ്റകൃത്യത്തിന് ഒരു സമൂഹത്തെയോ വ്യക്തികളെയോ പ്രേരിപ്പിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് തിങ്കളാഴ്ച ഷിംല ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അനൂപ് വർമ എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.