2020 നു ശേഷം അഫ്ഗാനിൽ നിന്നുള്ള ലഹരിയുടെ ആഗോളവ്യാപനം സംബന്ധിക്കുന്ന പ്രത്യേക പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐഎൻസിബി മുന്നറിയിപ്പു നൽകുന്നത്. ഔഷധനിർമ്മാണ ആവശ്യത്തിന്റെ മറവിൽ താലിബാൻ ഭരണകൂടം വ്യാപകമായി അനുവദിച്ച കറുപ്പുകൃഷി ലൈസൻസ് ദുരുപയോഗിച്ചാണ് വൻതോതിൽ ലഹരിമരുന്ന് ഉൽപാദിപ്പിച്ച് ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങളിലേക്കു കടത്തുന്നത്. കോവിഡിനു ശേഷം അഫ്ഗാനിസ്ഥാനിലെ കറുപ്പുകൃഷി 37% വർധിപ്പിച്ചതായി ഇന്റർനാഷനൽ നർകോട്ടിക് കൺട്രോൾ ബോർഡ് നൽകുന്ന മുന്നറിയിപ്പിൽ പറയുന്നു
ഇന്ത്യയിൽ കഴിഞ്ഞ വർഷം പിടികൂടിയ ലഹരിയുടെ 88% അഫ്ഗാനിൽനിന്നാണ്. സമീപകാലത്തു കൊച്ചിയിലും മുംബൈയിലും നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടം അഫ്ഗാനിസ്ഥാനാണെന്നു കണ്ടെത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടികൂടിയ ലഹരിമരുന്നിന്റെ 55% അഫ്ഗാനിൽ നിന്നുള്ളതായിരുന്നു. ലഹരിവിരുദ്ധ ഏജൻസികൾ പിടികൂടുന്ന ലഹരിവസ്തുക്കൾ, പ്രോസിക്യൂഷൻ നടപടികൾക്കു ശേഷം നശിപ്പിച്ചു കളയണമെന്നാണു നിയമമെങ്കിലും പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ, ലഹരികടത്തു സംഘങ്ങൾക്കുതന്നെ മറിച്ചു വിൽക്കുന്ന ഉദ്യോഗസ്ഥ ലോബി ഇന്ത്യയിലും സജീവമായിരുന്നു എന്നും റിപോർട്ടുകൾ ഉണ്ട്