ദില്ലി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാൾ സിബിഐ ഓഫിസിൽ ഹാജരായി, കെജ്രിവാളിനെ ചോദ്യം ചെയ്യൽ 2 മണിക്കൂർ പിന്നിട്ടു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുൾപ്പടെയുള്ള നേതാക്കൾക്കും എംഎൽഎമാർക്കുമൊപ്പം രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. രാവിലെ 11 മണിയോടെയാണ് കേജ്‍രിവാൾ സിബിഐ ഓഫിസിലെത്തിയത്. കേജ്‌രിവാളിനൊപ്പം ഉണ്ടായിരുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാൻ, എഎപി നേതാവ് രാഘവ് ഛദ്ദ എന്നിവരെ സിബിഐ ഓഫിസിൽ കയറുന്നതിൽനിന്ന് പൊലീസ് തടഞ്ഞു. തുടർന്ന്പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സിബിഐ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്ന്, ഓഫിസിലേക്കു പോകുന്നതിനു മുന്നോടിയായി കേജ്‍രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയാണ് സിബിഐയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘‘എന്നോട് സിബിഐ ഓഫിസിൽ ഹാജരാകാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ തീർച്ചയായും ഹാജരാകും. അവർ വളരെ ശക്തരാണ്. അവർക്ക് ആരെയും ജയിലിലടയ്ക്കാം. എന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി സിബിഐയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിൽ അവർ അത് അനുസരിക്കുമെന്ന് തീർച്ച’ – സിബിഐ ഓഫിസിലേക്കു പോകും വഴി കേജ്‍രിവാൾ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കാം ഇടപാടുകൾ നടന്നതെന്നും സിബിഐ വൃത്തങ്ങൾ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസ് അന്വേഷിക്കുന്നുണ്ട്. മദ്യനയത്തിന്റെ സൂത്രധാരൻ കെജ്രിവാളാണെന്നും ബിജെപി ഇന്നും ആവർത്തിച്ചു. മദ്യനയം വഴി മദ്യവ്യവസായികളുണ്ടാക്കിയ 144 കോടിയുടെ കമ്മീഷൻ കെജ്രിവാളിന് പോയെന്നും ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി സ്ഥാനം മന്ത്രി സൗരഭ് ഭരദ്വാജിന് കൈമാറാനും എഎപി ആലോചിക്കുന്നുണ്ട്.