ദില്ലി: ഇന്ത്യ – പാക് അതിർത്തിയിൽ ബിഎസ്എഫ് ജവാൻമാരും ആയുധ കള്ളക്കടത്തുകാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ആയുധങ്ങളും ലഹരിവസ്തുക്കളും കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പഞ്ചാബിലെ ഗുരുദാസ് പൂർ സെക്ടറിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. ആയുധങ്ങളും ലഹരി വസ്തുക്കളും ബിഎസ്എഫ് പിടികൂടി. പ്രദേശത്ത് തിരച്ചിൽ തുടരുന്നു.
അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ സ്ഥാപിച്ച വേലിയുടെ ഇരുഭാഗത്തും ആയുധകടത്തുകാരുടെ സംഘം നിലയുറപ്പിച്ചിരുന്നു. അതിർത്തിയിൽ കണ്ടവരോട് കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇവർ കീഴടങ്ങാതെ സൈന്യത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് സൈന്യവും കള്ളക്കടത്തുകാർക്ക് നേരെ വെടിയുതിർത്തു. എന്നാൽ പ്രദേശത്തെ മൂടൽ മഞ്ഞിനെ മറയാക്കി കള്ളക്കടത്ത് സംഘം രക്ഷപ്പെട്ടു. കാലാവസ്ഥ മോശമായതിനാൽ കാഴ്ചപരിധി കുറഞ്ഞിരുന്നത് കള്ളക്കടത്തുകാർക്ക് രക്ഷപ്പെടാൻ സഹായകമായി.
സംഭവസ്ഥലത്തു നിന്നും സൈന്യം 20 പാക്കറ്റ് ഹെറോയിൻ , ആറ് മാഗസിനുകൾ, 242 ആർ ഡി എസ്, രണ്ട് തോക്കുകൾ, ഒരു പ്ലാസ്റ്റിക് പൈപ്പ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്.