ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആള്‍മാറാട്ടം നടത്തിയാണ് പ്രതികള്‍ പരീക്ഷയെഴുതുന്നതെന്നും ഇതിനായി വന്‍ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നതെന്നും പോലീസ് വ്യക്തമാക്കി. ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് കേസിലെ മുഖ്യപ്രതികളെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഹരിയാന സ്വദേശികൾ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണ്. മറ്റൊരാൾക്ക് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്. കേസ് അന്വേഷണം ഹരിയാനയിലേക്കും വ്യാപിപ്പിക്കും.
ഇന്നലെ (ഓഗസ്റ്റ് 20) തിരുവനന്തപുരത്ത് നടന്ന ഐഎസ്ആർഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്. ഹരിയാന സ്വദേശികളാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. സുനില്‍, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരില്‍ പരീക്ഷ എഴുതിയ ആളുടെ യഥാര്‍ഥ പേര് മനോജ് കുമാര്‍ എന്നാണ്. ഗൗതം ചൗഹാന്‍ എന്ന ആളാണ് സുനില്‍ എന്ന പേരില്‍ പരീക്ഷ എഴുതിയത്. ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയതിനായിരുന്നു പ്രതികളെ ആദ്യം പിടികൂടിയത്. പിന്നീടാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ആൾമാറാട്ടം നടത്തി, ഉദ്യോഗാർത്ഥിക്ക് വേണ്ടി മറ്റാളുകളാണ് പരീക്ഷയെഴുതാനെത്തിയതെന്നായിരുന്നു കണ്ടെത്തൽ. പിടിയിലായവരുടെ യഥാർത്ഥ വിലാസം കണ്ടത്താൻ ഹരിയാന പൊലീസുമായി ചേർന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് ഇയർ സെറ്റും മൊബൈൽഫോൺ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികൾ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്.
ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. കോപ്പിയടി നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വയറില്‍ ബെല്‍റ്റ് കെട്ടിവച്ച് അതില്‍ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു കോപ്പിയടി. ചെവിയില്‍ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്. ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിലുള്ള ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ആണ് വച്ചിരുന്നത്. ആദ്യം മൊബൈല്‍ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്തു. തുടര്‍ന്ന് സ്‌ക്രീന്‍ വ്യൂവര്‍ വഴി ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്തായിരുന്നു കോപ്പിയടി. തുടര്‍ന്ന് ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതുന്ന തരത്തിലായിരുന്നു കോപ്പിയടി നടന്നതെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയിൽ നിന്നും പരീക്ഷ നടന്ന ഞായറാഴ്ച രാവിലെ ഒരു അജ്ഞാത ഫോൺ സന്ദേശം എത്തി. വിഎസ്എസ്സിയുടെ ടെക്നീക്ഷൻ – B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു ആ സന്ദേശം. പൊലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിക്കുകയായിരുന്നു.