മുംബൈ: ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനത്തുനിന്നും ചേതൻ ശർമ രാജിവച്ചു. ചേതൻ ശർമയുടെ രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചു. കഴിഞ്ഞദിവസം സീ ന്യൂസ് ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ സെലക്ഷൻ വിവരങ്ങൾ ചേതൻ ശർമ്മ വെളിപ്പെടുത്തിയിരുന്നു. വിരാട് കോഹ്ലി, രോഹിത് ശർമ, തുടങ്ങിയവരുടെ ഈഗോ, വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകൽ, നിരോധിച്ച മരുന്നുകളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ചർച്ചയാവുകയും വൻ വിവാദത്തിലേക്ക് വഴിമാറുകയും ചെയ്തു. വിവാദ വെളിപ്പെടുത്തലുകളോടെ ഒളിക്യാമറയിൽ കുടുങ്ങിയതിന് പിന്നാലെയാണ് ചേതൻ ശർമ്മയുടെ രാജി.
ഫിറ്റ് അല്ലാതെ കളിക്കാൻ ഇറങ്ങുന്നത് പതിവാണെന്ന ചേതൻ ശർമയുടെ ആരോപണമാണ് കൂടുതൽ വിവാദത്തിന് ഇടയാക്കിയത്. ഡോപ്പിങ്ങിൽ പിടിക്കപ്പെടാത്ത മരുന്നുകൾ ഏതൊക്കെയാണെന്ന് കളിക്കാർക്ക് അറിയാം എന്നും ഫിറ്റ്നെസ് തെളിയിക്കുന്നതിനായി ഉത്തേജക മരുന്നുകൾ കുത്തി വയ്ക്കാറുണ്ടെന്നും ചേതൻ ശർമ വെളിപ്പെടുത്തി. ചീഫ് സെലക്ടറുടെ വെളിപ്പെടുത്തൽ ബിസിസിഐയെയും കുഴപ്പത്തിലാക്കി.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ഗാംഗുലിയുമായി ഉണ്ടായ ഉടക്കിനെ തുടർന്നാണെന്ന് ചേതൻ ശർമ പറഞ്ഞു. എന്നാൽ ഗാംഗുലി രോഹിത് ശർമയെ പിന്തുണച്ചിരുന്നില്ല എന്നും ചേതൻ ശർമ വ്യക്തമാക്കി. ടീമിനകത്ത് ക്യാപ്റ്റൺമാർക്ക് താല്പര്യമുള്ള ഒരു സംഘം ഉണ്ടെന്നും ചേതൻ ശർമ്മ പറഞ്ഞു. ഫിറ്റ്നസിനായി ചില കളിക്കാർ ഡോക്ടറുടെ നിർദ്ദേശനുസരണം ഇഞ്ചക്ഷൻ എടുക്കാറുണ്ടെന്നും ചേതൻ പറഞ്ഞു. ഇഷാന്റെ ഡബിൾ സെഞ്ച്വറി സഞ്ജു അടക്കം മൂന്നുപേരുടെ ഭാവി തകർത്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയിൽ നടന്ന ടി 20 ലോകകപ്പിന്റെ പരാജയത്തെ തുടർന്ന് സെലക്ഷൻ കമ്മിറ്റിയിൽ നിന്നും മാറ്റിനിർത്തപ്പെട്ട വ്യക്തിയായിരുന്നു ചേതൻ ശർമ്മ. ടീം സെലക്ഷനിലെ പാളിച്ച കാരണമാണ് പ്രധാന ടൂർണമെന്റുകളിൽ അടക്കം ടീമിന് മോശം പ്രകടനം കാഴ്ചവയ്ക്കേണ്ടി വന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചേതൻ ശർമ്മയെ മാറ്റിനിർത്തിയത്. എന്നാൽ പിന്നീട് ഇദ്ദേഹം വീണ്ടും തിരികെ ബി സി സി ഐ യിൽ മടങ്ങി എത്തിയിരുന്നു. ഇതുണ്ടാക്കിയ വിവാദം നിലനിൽക്കുമ്പോഴാണ് വീണ്ടും ഒളിക്യാമറ വിഷയം പുറത്താകുന്നത്.