പാകിസ്ഥാനിലെ സിഖ് സമുദായത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ പാക് ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. ഈ വർഷം ഏപ്രിലിനും ജൂണിനുമിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാല് ആക്രമണങ്ങൾ ഇന്ത്യ ഗൗരവമായി എടുത്തതായും തുടർന്നാണ് പാക് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തിയതെന്നുമാണ് വിവരം. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനും പാകിസ്ഥാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച സിഖ് വ്യാപാരിയായ തർലോക് സിംഗ് അജ്ഞാതരുടെ വെടിയേറ്റ് മരണമടഞ്ഞിരുന്നു ശനിയാഴ്ച്ച നടന്ന രണ്ടാമത്തെ ആക്രമണത്തിൽ മറ്റൊരു സിഖ് മതവിശ്വാസി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഈ രണ്ട് ആക്രമണങ്ങളും നടന്നത് പാകിസ്ഥാനിലെ പെഷവാറിലാണ്.പെഷവാറിൽ സിഖ് വിശ്വാസികൾക്ക് നേരെ നടന്ന രണ്ട് ആക്രമണങ്ങളും കരുതിക്കൂട്ടിയുള്ള അക്രമണങ്ങളാണെന്നാണ് പോലീസ് കരുതുന്നത്
ഏകദേശം 15,000 സിഖുകാർ പെഷവാറിൽ താമസിക്കുന്നുണ്ട്, അതിൽ കൂടുതലും ജോഗൻ ഷാ ഭാഗത്താണ്. പെഷവാറിൽ മുൻപും സിഖ് സമുദായത്തിന് നേരെ നിരവധി ആക്രമണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാർച്ചിൽ നഗരത്തിൽ ഒരു സിഖ് വ്യവസായിയെ അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ പെഷവാറിലെ ക്ലിനിക്കിനുള്ളിൽ വെച്ച് ഒരു സിഖ് ഹക്കീമിനെ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊല്ലുകയും ചെയ്‌തിരുന്നു.