മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന കലാപം തുടരുകയാണ്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു. ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. മണിപ്പൂരില്‍ സംഘര്‍ഷ സ്ഥിതി തുടരുന്നതിനിടെയാണ് വിവിധയിടങ്ങളില്‍ നിന്ന് ആയുധശേഖരം സുരക്ഷാസേന പിടിച്ചെടുത്തത്. എട്ട് തോക്കുകളും 112 വെടിയുണ്ടകളുമാണ് തിരച്ചിലില്‍ കണ്ടെത്തിയത്. കൂടാതെ ആറ് സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൂടാതെ തെങ്നൗപാല്‍ ജില്ലയില്‍ ആറ് ബങ്കറുകള്‍ പൊളിച്ചുമാറ്റി.
ഇംഫാൽ∙ മണിപ്പുരിൽ സംഘർഷത്തിന് അയവുണ്ടാകുന്നില്ല. നാലു ഗ്രാമങ്ങളിലായി പ്രക്ഷോഭകാരികളുടെ നേതൃത്വത്തിൽ വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്. അതിനിടെ പൊലീസ് വ്യാപകമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്നും, ആയുധങ്ങളും, ബോംബുകളും, ഗ്രനേഡുകളും ഉൾപ്പെടെയുള്ളവ കണ്ടെത്തി. മയക്കമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നാലുപേരെ എൻഎബി അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഇംഫാലിൽ നിന്ന് അസം സ്വദേശികളാണ് പിടിയിലായത്.
മണിപ്പൂരിലെ അക്രമക്കേസുകള്‍ അന്വേഷിക്കാന്‍, രാജ്യത്തുടനീളമുള്ള യൂണിറ്റുകളില്‍ നിന്ന്, 29 സ്ത്രീകള്‍ ഉള്‍പ്പെടെ 53 ഉദ്യോഗസ്ഥരെ സിബിഐ നിയോഗിച്ചു. ജോയിന്റ് ഡയറക്ടര്‍ ഘന്‍ശ്യാം ഉപാധ്യായയ്ക്കാകും ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുക. ലൗലി കത്യാര്‍, നിര്‍മല ദേവി, മോഹിത് ഗുപ്ത എന്നീ മൂന്ന് ഡിഐജിമാര്‍, പോലീസ് സൂപ്രണ്ട് രാജ് വീര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. ഇത്രയധികം വനിതാ ഉദ്യോഗസ്ഥരെ ഒരു അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമായാണെന്നും സിബിഐ അറിയിച്ചു. സിബിഐ അന്വേഷിക്കുന്ന ഈ കേസുകളില്‍ പലതിലും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് 1989-ന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയേക്കാം. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. രണ്ട് അഡീഷണല്‍ പോലീസ് സൂപ്രണ്ടുമാരും ആറ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും അടക്കമുളള 53 അംഗങ്ങളാണ് അന്വേഷണ സംഘത്തിന്റെ ഭാഗമാകുകയെന്നും അവര്‍ പറഞ്ഞു.
മണിപ്പൂര്‍ വംശീയമായി വിഭജിച്ചിരിക്കുന്ന സാഹചര്യത്തില്‍ പക്ഷപാതപരമായ ആരോപണങ്ങള്‍ ഒഴിവാക്കുക എന്ന നിര്‍ണായക ദൗത്യമാണ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച എല്ലാ ഫോറന്‍സിക് സാമ്പിളുകളും സിബിഐ, ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് മാറ്റും.
മെയ് 4 ന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതായി പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഉള്‍പ്പെടെ എട്ട് കേസുകള്‍ സിബിഐ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മണിപ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ കൂടി അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. ഇതോടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ എണ്ണം
17 ആകും. ഈ 17 കേസുകളില്‍ മാത്രമായി അന്വേഷണം പരിമിതപ്പെടുത്തില്ലെന്നും സിബിഐ അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും മുന്‍ഗണനാക്രമത്തില്‍ അന്വേഷിക്കും. ചുരാചന്ദ്പൂര്‍ ജില്ലയില്‍ നടന്ന ലെംഗികാതിക്രമ കേസ് കൂടി അന്വേഷണ ഏജന്‍സി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.
മേയ് 3 ന് മലയോര ജില്ലകളില്‍ നടന്ന ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ 160-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയികള്‍ പ്രധാനമായും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. നാഗകളും കുക്കികളും ഉള്‍പ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ മലയോര ജില്ലകളിലാണ് താമസിക്കുന്നത്.