ബാംഗ്ലൂർ: ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും. കർണാടകയിലെ തുമകുരുവിലെ ഗുബ്ബിയിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. 615 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറിയുടെ തറക്കല്ലിടൽ കർമ്മം 2016 ലാണ് നരേന്ദ്ര മോദി നടത്തിയത്.
രാജ്യത്തിന് ആവശ്യമായ എല്ലാ ഹെലികോപ്റ്ററുകളും നിർമ്മിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരു സ്ഥാപനത്തിൻ കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുസ്ഥാൻ ഏയറോനോട്ടിക് ലിമിറ്റഡിന്റെ കീഴിലുള്ള ഫാക്ടറി നിർമ്മാണം എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഫാക്ടറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ ആകും നിർമ്മിക്കുക. ശേഷം ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററുകൾ നിർമ്മിക്കും. 6000 പേർക്ക് ഇവിടെ ജോലി ലഭിക്കും. ഹെലികോപ്റ്ററുകളുടെ ആറ്റുകുറ്റപ്പണിയും ഇവിടെ തന്നെയാണ് നടത്തുക. ഹെലി റൺവേ, വിമാന സൂക്ഷിപ്പ് കേന്ദ്രം, എയർ ട്രാഫിക് കൺട്രോൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്.
മൂന്ന് ടണ്ണിൽ തുടങ്ങുന്ന ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളിൽ തുടങ്ങി 15 ടൺ ഭാരമുള്ള ആയിരത്തിൽ അധികം ഹെലികോപ്റ്ററുകൾ 20 വർഷത്തിനുള്ളിൽ നിർമ്മിക്കുകയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡിന്റെ ( എച്ച് എ എൽ) ലക്ഷ്യം. തുടക്കത്തിൽ വർഷം 30 ഹെലികോപ്റ്ററുകൾ നിർമ്മിക്കും. നാല് ലക്ഷം കോടിയുടെ ബിസിനസ് ആണ് എച്ച് എ എൽ ന്റെ ലക്ഷ്യം.