ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ എല്ലാ സീറ്റുകളിലും സ്വന്തം ശക്തിയില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലും എഎപി മത്സരിക്കും. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കെജ്രിവാൾ ആവർത്തിച്ചു.
‘ലോക്സഭാ തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നു, എങ്ങനെയാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചതെന്ന് നിങ്ങള്‍ക്കറിയാം. പൊതുതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുമായി ധാരണയുണ്ടാക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 90 സീറ്റുകളിലും ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. ഹരിയാനയുടെ ഇരുവശത്തും എഎപി സര്‍ക്കാരുകളുണ്ട്. അങ്ങനെയെങ്കില്‍, എന്തുകൊണ്ടാണ് കേന്ദ്രത്തില്‍ ഉള്ളവര്‍ക്ക് അതേ വഴിക്ക് പോകാന്‍ കഴിയാത്തത്? തിരഞ്ഞെടുപ്പ് ഒക്ടോബറിലാണ്. അത് നിങ്ങളുടെ കൈയിലാണ്. ഹരിയാനയില്‍ ഒരു എഎപി സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാക്കുക. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019-ലെ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി വിജയം ഉറപ്പിക്കുകയും 40 സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് 31 സീറ്റുകള്‍ നേടി. ദുഷ്യന്ത് ചൗട്ടാല സ്ഥാപിച്ച ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) 10 സീറ്റുകള്‍ നേടി. ഇവര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ പിന്തുണച്ചു. 2019ലെ തിരിഞ്ഞെടുപ്പില്‍ ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചിരുന്നു.
നേരത്തെ പഞ്ചാബില്‍ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതകള്‍ തള്ളിയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പ്രഖ്യാപനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടി ലഭിച്ചത്. ഇരു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ്. മുന്നണിയിലെ മറ്റൊരു അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതയുടെ പ്രഖ്യാപനത്തിന്റെ അമ്പരപ്പ് മാറും മുമ്പേയാണ് പുതിയ നീക്കം.