പുലർച്ചെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു. എകെ 47 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഭണ്ഡർപദറിലെ വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നക്‌സലുകൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും 10 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ ജനറൽ ബസ്തർ, പി സുന്ദർരാജ് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ജനുവരി മുതൽ കുറഞ്ഞത് 257 നക്സലുകളെങ്കിലും കൊല്ലപ്പെട്ടു. 861 പേർ അറസ്റ്റിലാവുകയും 789 പേർ കീഴടങ്ങുകയും ചെയ്തു. മരണങ്ങളുടെ എണ്ണം 2010-ലെ ഏറ്റവും ഉയർന്ന 1,005-ൽ നിന്ന് 2024 സെപ്റ്റംബറിൽ 96 ആയി 90 ശതമാനം കുറഞ്ഞു.നാല് പതിറ്റാണ്ടുകൾക്ക് ശേഷം 2022 ൽ ആദ്യമായി മരണസംഖ്യ 100 ൽ താഴെയായി. 2026-ഓടെ ഛത്തീസ്ഗഢ് പൂർണമായും നക്‌സലുകളിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.