ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീം കോണിനുള്ളിൽ മനുഷ്യ വിരലിൻ്റെ ഒരു ഭാഗം കണ്ടെത്തിയതായി പരാതി. മുംബൈയിലെ ഒരു ഡോക്ടർക്കാണ് വിരലിന്റെ ഭാഗം ലഭിച്ചത്. ഇതോടെ ഡോക്ടർ മലാഡിലെ പോലീസിനെ സമീപിച്ചു. യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ഐസ്ക്രീം സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മലാഡ് വെസ്റ്റിൽ താമസിക്കുന്ന എംബിബിഎസ് ബിരുദധാരിയായ 26 കാരനായ ഡോക്ടറാണ് കേസിലെ പരാതിക്കാരൻ. ഇയാൾ യമ്മോ കമ്പനിയുടെ ഒരു ബട്ടർസ്കോച്ച് ഐസ്ക്രീം കോൺ ഓർഡർ ചെയ്തിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഐസ്ക്രീം കഴിക്കുന്നതിനിടയിലാണ് വിരലിന്റെ ഭാഗം ലഭിച്ചത്. ഇതിൽ നഖമുണ്ടായിരുന്നു എന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മനുഷ്യൻ്റെ വിരലിൻ്റെ കഷ്ണം എന്ന് സംശയിക്കുന്ന മാംസക്കഷണം മനുഷ്യ ശരീരത്തിൻ്റെ ഭാഗമാണോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.