നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. പാകം ചെയ്തും പാകം ചെയ്യാതെയും കാരറ്റ് കഴിക്കാം. ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയുന്ന ധാരാളം ഗുണമുള്ള ഘടകങ്ങൾ കാരറ്റിലുണ്ട്.
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു ഭക്ഷണമാണ് കാരറ്റ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ എ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. ദഹനത്തിന് വളരെ നല്ല ഒരു ഭക്ഷ്യവസ്തുവാണ് കാരറ്റ്. ദിവസേന ആഹാരത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഹൃദയരോഗ്യം മെച്ചപ്പെടുത്താനും ക്യാരറ്റ് സഹായിക്കും. ശരീരത്തിൽ അനാവശ്യമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊളസ്ട്രോളിന്റെ നില ഉയരാതെ തടയാൻ കാരറ്റിന് കഴിയും. കാരറ്റിലെ കാൽസ്യം ആണ് ഇത്തരത്തിൽ കൊളസ്ട്രോളിനെ തടയുന്നത്. ഇത് ഹൃദയാഘാതം പോലുള്ള രോഗ സാധ്യതയെ ഒരു പരിധിവരെ തടയുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ഭക്ഷണങ്ങളിൽ ഒന്നാണ് കാരറ്റ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള കാരറ്റിൽ വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഫൈബർ ദഹനത്തെ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ കാരറ്റിന് ഒരു നല്ല പങ്കാണ് ഉള്ളത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്കും കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് ഇത്. ചർമ്മത്തിന്റെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് കാരറ്റ്. ചർമ്മം തിളങ്ങുന്നതിനും ഓജോസോടെ ഇരിക്കുന്നതിനും കാരറ്റ് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ദിവസം ഒരു കാരറ്റ് കഴിക്കുന്നത് ചർമ്മത്തെ മൃദുവായി സൂക്ഷിക്കാനും ആരോഗ്യകരമായ ചർമ്മം ലഭ്യമാക്കാനും സഹായിക്കും