ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രഫി പ്രദർശനങ്ങളിൽ ഒന്നായ എക്സ്പോഷർ ഇന്റർനാഷനലിന് ഷാർജയിൽ തുടക്കമായി. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയുടെ അധ്യക്ഷതയിലായിരുന്നു ഏഴാമത് എക്സ്പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഉത്ഘാടനം നടന്നത്. ഈ മാസം 15 വരെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള മികച്ച ഫോട്ടോഗ്രാഫർമാർ, ചലച്ചിത്രനിർമാതാക്കൾ, ക്യുറേറ്റർമാർ, വ്യവസായ പ്രഫഷനലുകൾ എന്നിവർ പങ്കെടുക്കും.
പ്രശസ്ത നൂറോളം ഫോട്ടോഗ്രാഫർമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിനായി എത്തിയിട്ടുള്ളത്. കല, ഫാഷൻ, വാസ്തുവിദ്യ, സ്പോർട്സ്, ബഹിരാകാശം, ഡ്രോൺ, സംസ്കാരം, വാണിജ്യം, ട്രാവൽ ആൻഡ് ലാൻഡ്സ്കേപ്പ്, ഫോട്ടോ ജേണലിസം, പോർട്രെയ്ച്ചർ, ഷോർട്ട് ഫിലിം, മൂവിങ് ഇമേജുകൾ, സ്ട്രീറ്റ് ഫോട്ടോഗ്രഫി എന്നിങ്ങനെയുള്ള വ്യത്യസ്ത വിഭാഗങ്ങൾ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ 68 എക്സിബിഷൻ, 41 സെമിനാർ, ചർച്ചകൾ, 53 വർക്ക്ഷോപ്പുകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഈ മാസം 15 വരെ നടക്കുന്ന മേളയിൽ വിഖ്യാത ഫോട്ടോഗ്രാഫർമാർ പങ്കെടുക്കുന്നുണ്ട്. ചിത്രങ്ങളെ കുറിച്ച് അറിയാനും ഫോട്ടോഗ്രാഫർമാരുമായി സംവദിക്കാനും മേളയിൽ അവസരമുണ്ടകും. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേളയിലേക്കു പ്രവേശനം സൗജന്യമാണ്. ഇതിനകം ആയിരക്കണക്കിന് സന്ദർശകർ രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.