ഹജിന്റെ മർമ്മപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ഇന്ന് രാവിലെ മുതൽ ഹാജിമാർ സൗദി മക്കയിലെ അറഫയിലേക്ക്എത്തുകയാണ്. മസ്ജിദു നമിറയിൽ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. പ്രവാചകൻ മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രഭാഷണം അനുസ്മരിച്ച് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദാണ് അറഫാ പ്രഭാഷണം നടത്തുക. ഇത്തവണ മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ തത്സമയം പ്രഭാഷണം കേൾക്കാം. കഴിഞ്ഞ വർഷം വരെ 14 ഭാഷകളിലായിരുന്നു അറഫ പ്രസംഗം വിവർത്തനം ചെയ്യപ്പെട്ടരുന്നത്.150ലേറെ രാജ്യങ്ങളിൽ നിന്നായി 20 ലക്ഷത്തിലധികം തീർഥാടകർ ഒരു പകൽ സംഗമിക്കുന്ന പ്രധാന ചടങ്ങാണിത്. 32,000 ബസുകളിലാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുക.
4 ലക്ഷം ഹാജിമാർക്ക് പള്ളിയിൽ സൗകര്യമുണ്ട്. ബാക്കിയുള്ള 16 ലക്ഷം പേർ പള്ളിക്ക് പൂറത്തുള്ള അറഫാ മൈതാനിയിലെ വിവിധ ടെന്‍റുകളിലും, ജബലു റഹ്മ കുന്നിന് താഴെയുമിരുന്ന് കേൾക്കും. ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അധികം വിസ്തൃതിയുള്ള നമീറ പള്ളിയും, 800ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള അറഫ നഗരി നിറഞ്ഞു കവിയും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേയ്ക്ക് രാപാർക്കാൻ പോകും.
ജംറയിലെ ആദ്യ കല്ലേറ് കർമം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ്‌യും നിർവഹിച്ച് മിനയിലേയ്ക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. കേരളത്തിൽ നിന്ന് ഇത്തവണ 11,252 ഹാജിമാരാണ് സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ എത്തിയിട്ടുള്ളത്. ഇതിൽ 4,232 പുരുഷന്മാരും 6,899 സ്ത്രീകളുമാണുള്ളത്.