ഷാർജ എക്സ്പോ സെന്ററിൽ നടന്നു വരുന്ന കുട്ടികളുടെ വായനോത്സവത്തിൽ തിരക്ക് വർധിക്കുകയാണ്. എക്സ്‌പോ സെന്ററിലെ മൂന്നാംനമ്പർ ഹാളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അപസർപ്പക കഥാപാത്രവുമായ ഷെർലക് ഹോംസ് ഇവിടെ കുട്ടികളെ കാത്തിരിക്കുന്നു. വലിയ്യ് ആവേശത്തോടെ കുട്ടികൾ മാത്രമല്ല മുതിർന്നവരും ആർതർ കോനൻ ഡോയലിന്റെ വിഖ്യാതമായ കുറ്റാന്വേഷണ കഥാപാത്രമായ ഷെർലക് ഹോംസിനെ തേടി എത്തുന്നുണ്ട്. ലോകത്തിൽ ആദ്യമായി ഒരു കഥാപാത്രത്തിന് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ആദരം ലഭിച്ചതും ഷെർലക് ഹോംസിലൂടെയാണെന്ന പ്രത്യേകതയും ഉണ്ട്.

നിഗൂഢത നിറഞ്ഞതും കൽപ്പിത കഥാപാത്രമായ ഷെർലക് ഹോംസ് ഇവിടെ പുനരവതരിപ്പിക്കപ്പെടുന്നു. ആർതർ കോനൻ ഡോയൽ ഷെർലക് ഹോംസ് എന്ന് ആദ്യമായി കുറിച്ചുവെച്ച ബ്രിട്ടീഷ് മ്യൂസിയത്തിലെ ഡയറിയുടെ രൂപവും ഷാർജയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഷെർലക് ഉപയോഗിച്ചതെന്ന് തോന്നിപ്പിക്കുന്ന പുസ്തകങ്ങൾ, ഗ്രാമഫോൺ, വാക്കിങ് സ്റ്റിക്ക്, എന്നിവയെല്ലാം മുറിയിൽക്കാണാം. ഷെർലക് ഹോംസ് വാട്‌സണുമായി നടത്തുന്ന സംഭാഷണങ്ങളെന്ന് തോന്നിപ്പിക്കുംവിധം ശബ്ദശകലങ്ങളും ഹാളിൽ കേൾക്കാം. ഷെർലക് ഹോംസ് സിനിമയാക്കാനായി ഒരുക്കിയ സെറ്റിന്റെ മാതൃകയിലാണ് വായനോത്സവത്തിലെ പ്രദർശനം.