ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ദുബായ്, ഷാർജ, അബുദാബി, ഫുജൈറ, അൽ ദഫ്റ തുടങ്ങിയ സ്ഥലങ്ങളിൽ മഴ ലഭിച്ചുവെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തീക്ഷമായിരുന്നു. മഴ ലഭിച്ചതോടെ താപനിലയും ഗണ്യമായിതാഴ്ന്നിട്ടുണ്ട്. രാത്രിയും ദുബായിയുടെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു അധികൃതർ അറിയിച്ചു. ഈ ആഴ്ച മുഴുവൻ വിവിധ പ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും രാജ്യത്തിന്റെ തീരമേഖലകളിൽ ഉയർന്ന താപനില 22–26 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. മിക്ക സ്ഥലങ്ങളിലും ഇടിയും മിന്നലും ഉൾപ്പെടെ മഴ പെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത് . ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി.