ഷാർജ: യു.എ.ഇ.യിൽ അർബുദ ബോധവത്കരണവും സൗജന്യപരിശോധനകളും നടത്തുന്നതിനുള്ള പിങ്ക് കാരവൻ പര്യടനം തുടങ്ങി. പിങ്ക് കാരവൻ 11ാം പതിപ്പിന് ആണ് ഷാർജ അൽഹീറ ബീച്ചിൽ തുടക്കമായത്. ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് സംഘടിപ്പിക്കുന്ന പരിപാടി യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
‘പവേർഡ് ബൈ യു’ എന്ന ആശയത്തിലാണ് ഈ വർഷം പരിപാടി നടക്കുന്നത്. 17 കുതിരകളുടെ സവാരി, 120 എക്സാമിനർമാർ, 100 സന്നദ്ധപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ഈ വർഷം എല്ലാ എമിറേറ്റുകളിലും മൊബൈൽ ക്ലിനിക്കുകൾ കൂടാതെ 11 സ്ഥിരം ക്ലിനിക്കുകൾ ഉണ്ടാകും.
പര്യടനം ഫെബ്രുവരി 10 വരെ ഏഴ് എമിറേറ്റുകളിൽ യാത്ര ചെയ്ത് സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം നൽകുകയും ചെയ്യും. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വിവിധ എമിറേറ്റുകളിൽ കുതിര റൈഡർമാർ എത്തും. സ്വയം പരിശോധനയിലൂടെ എങ്ങനെ സ്തനാർബുദം മുൻകൂട്ടി അറിയാം എന്നതും ബോധവത്കരണത്തിലൂടെ പകർന്നുനൽകും. ഏഴുദിവസത്തെ സവാരിയിൽ മൊബൈൽ ക്ലിനിക്കുകൾ വഴിയും മാമോഗ്രഫി യൂനിറ്റ് വഴിയും ഏഴ് എമിറേറ്റുകളിലും സൗജന്യ സ്തനാർബുദ പരിശോധനകൾ നടത്തും. കഴിഞ്ഞ വർഷം പിങ്ക് കാരവന്റെ ഭാഗമായി 3041 സ്തനപരിശോധനകളും 893 മാമ്മോഗ്രാമും 10 അൾട്രാസൗണ്ട് സ്ക്രീനിങ്ങും നടത്തിയിരുന്നു. 2011 മുതൽ സ്ത്രീകൾക്കായി 13,000ഉം, പുരുഷന്മാർക്കായി 75,000ഉം സ്ക്രീനിങ്ങുകൾ നടത്തിയിട്ടുണ്ടെന്നും കാമ്പയിനിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നതെന്നും ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് ഡയറക്ടർ ഐഷ അൽ മുല്ല പറഞ്ഞു.
ഒമ്പത് കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന നടത്തും
ഷാർജ: മജാസ് വാട്ടർഫ്രണ്ട്- വൈകുന്നേരം 4.00-10.00, മെഗാമാൾ: വൈകുന്നേരം 4.00-10.00, ദുബൈ: ലുലു ഹൈപ്പർ മാർക്കറ്റ്- അൽ ബർഷ -വൈകുന്നേരം 4.00-10.00, ലുലു സെൻട്രൽ, അൽബുത്തീന- വൈകുന്നേരം. 4.00-10.00, മിർദിഫ് സിറ്റി സെന്റർ – ഉച്ചക്ക് 2.00-9.00, അജ്മാൻ: ചൈന മാൾ- വൈകുന്നേരം 4.00-10.00, റാസൽഖൈമ: ലുലു ഹൈപ്പർ മാർക്കറ്റ്, റാക് മാൾ- വൈകുന്നേരം 4.00-10.00, ഉമ്മുൽ ഖുവൈൻ: ലുലു ഹൈപ്പർ മാർക്കറ്റ്, യു.എ.ക്യു മാൾ- വൈകുന്നേരം 4.00-10.00, ഫുജൈറ: ലുലു ഹൈപ്പർ മാർക്കറ്റ്, ലുലുമാൾ -വൈകുന്നേരം 4.00-10.00