ദുബായിലെ മസ്ജിദുകളുടെ സമീപമുള്ള പാർക്കിങ്ങുകളിൽ ഈ മാസം മുതൽ എല്ലാ ദിവസവും 24 മണിക്കൂറും പാർക്കിങ് നിരക്ക് ഈടാക്കും. എന്നാൽ, നമസ്കാര സമയങ്ങളിൽ ഒരുമണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കുമെന്നും പൊതുപാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനി അറിയിച്ചു. ഇതുസംബന്ധിച്ച് പാർക്കിൻ കമ്പനി ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റുമായി (ഐഎസിഎഡി) ധാരണയിലായി.
സോൺ എം (സ്റ്റാൻഡേഡ്), സോൺ എംപി (പ്രീമിയം) എന്നിങ്ങനെയാണ് പാർക്കിങ് ക്രമീകരികരണം. പ്രീമിയം പാർക്കിങ്ങുകളിൽ തിരക്കുകുറഞ്ഞ സമയങ്ങളിൽ അര മണിക്കൂറിന് രണ്ടുദിർഹവും ഒരു മണിക്കൂറിന് നാല് ദിർഹവും ആയിരിക്കും. തിരക്കേറിയ സമയങ്ങളിൽ ഇവിടെ അര മണിക്കൂറിന് മൂന്നുദിർഹവും ഒരു മണിക്കൂറിന് ആറുദിർഹവുമായി നിജപ്പെടുത്തിയിട്ടുണ്ട്. 59 മസ്ജിദുകളിൽ 41 എണ്ണം സോൺ എമ്മും 18 എണ്ണം സോൺ എംപി യുമായിരിക്കും. സോൺ എം പാർക്കിങ്ങുകൾക്ക് അര മണിക്കൂറിന് രണ്ടുദിർഹവും ഒരു മണിക്കൂറിന് നാലു ദിർഹവും ഈടാക്കും.
ദുബായിലെ 59 മസ്ജിദുകൾക്കുചുറ്റുമുള്ള 2100 പാർക്കിങ് കേന്ദ്രങ്ങളും ഇനിമുതൽ പാർക്കിൻ കമ്പനിയാണ് കൈകാര്യം ചെയ്യുക. ഇതോടെ പാർക്കിൻ കമ്പനിയുടെ കീഴിൽ ദുബായിലെ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ 20,800 ആയി വിപുലീകരിക്കപ്പെടും.