ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അബുദാബി ഷവാമെഖിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ വത്ബ മുനിസിപ്പാലിറ്റി ഡയറക്ടർ ഹുമൈദ് അൽ മർസൂഖി ഉദ്ഘാടനം ചെയ്തു. വിവിധ ജനസമൂഹങ്ങളെ സേവിക്കുന്നതിനായി ലുലു ഗ്രൂപ്പ് ആരംഭിച്ച ഷോപ്പിംഗ് കേന്ദ്രം പ്രാദേശിക കർഷകർക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് ഹുമൈദ് അൽ മർസൂഖി പറഞ്ഞു. നഗരത്തിൽ മാത്രമല്ല, പ്രാന്തപ്രദേശങ്ങളിലും ലുലു ഗ്രൂപ്പ് ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.
അബുദാബിയിൽ അടുത്ത വർഷാവസാനത്തോടെ 7 പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. 268-മത്തെ ഹൈപ്പർ മാർക്കറ്റാണ് അബുദാബി ഷവാമെഖിൽ പ്രവർത്തനം തുടങ്ങിയത്. അടുത്ത വർഷം അവസാനത്തോടെ 300 ഹൈപ്പർ മാർക്കറ്റുകൾ എന്നതിനാണ് ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ഉൾപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും ദീർഘദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈപ്പർ മാർക്കറ്റ് നഗരത്തിൽ നിന്നും മാറി ഷവാമെഖിൽ ആരംഭിച്ചത് എന്നും എം എ യൂസഫലി പറഞ്ഞു.
അബുദാബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ ഷവാമെഖിൽ പുതുതായി ആരംഭിച്ച ഷവാമെഖ് സെൻട്രൽ മാളിലാണ് ലുലു ഹൈപ്പർ മാർക്കറ്റ്. 85,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്തക്കളുടെ സൗകര്യം മുൻനിർത്തി ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ലേഔട്ട് ഡിസൈനിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ് വിഭാഗം, ലുലു ഫാഷൻ സ്റ്റോർ തുടങ്ങിയ സെക്ഷനുകളുമുണ്ട്. ഹൈപ്പർ മാർക്കറ്റിനെ കൂടാതെ മണി എക്സ്ചേഞ്ച്, ഫാർമസി, ഫുഡ് & ബിവറേജസ് ഔട്ട്ലെറ്റുകൾ, ഏ.ടി.എം. തുടങ്ങി വിവിധോദ്ദേശങ്ങളായ സ്ഥാപനങ്ങളുമുണ്ട്.
ലുലു ഗ്രൂപ്പിന് യുഎഇ ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക് എം എ യൂസഫലി നന്ദി പറഞ്ഞു. ഉദ്‌ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീ ഡയറക്ടർ എം.എ. അഷ് റഫ് അലി, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജിയണൽ ഡയറക്ടർ അജയ് കുമാർ എന്നിവരും സംബന്ധിച്ചു.