ഷാർജ എക്സ്പോ സെന്ററിൽ പുരോഗമിക്കുന്ന കുട്ടികളുടെ വായനോത്സത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നു. വിവിധ എമിറേറ്റുകളിലെ സ്കൂളുകളിൽ നിന്ന് രാവിലെസമയം ആണ് വിദ്യാർത്ഥികൾ അധികവും എത്തുന്നത്. വായനയോടൊപ്പം പലവിധത്തിലുള്ള വർക് ഷോപ്പുകളിലും കുട്ടികൾക്ക് പങ്കെടുക്കുവാൻ ഉള്ള അവസരമാണ് ഇവിടെ ഉള്ളത്.
വായനയിലൂടെ അറിവും ലോകവും സ്വന്തമാക്കാൻ വിവിധ ബുക്ക് സ്റ്റാളുകളിൽ കയറിയിറങ്ങുന്ന കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്‌തകങ്ങളും ഇഷ്ടവിഷയങ്ങളിലുള്ള പുസ്തകങ്ങളും ചോദിച്ചെത്തുന്നതായി പ്രദർശകരും വെളിപ്പെടുത്തി. നല്ല തിരക്കാണ് പല ബുക്ക് സ്റ്റാളുകളിലും അനുഭവപ്പെട്ടത്. പല കുട്ടികളും തങ്ങളുടെ അധ്യാപകരുഡി സഹായത്തോടെയും പുസ്‌തകങ്ങൾ തെരെഞ്ഞെടുക്കുന്നുണ്ട്.
‘നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലൂടെ നടക്കുന്ന വായനോത്സവത്തിൽ ഇന്ത്യയുൾപ്പടെ 66 രാജ്യങ്ങളിൽ നിന്നുള്ള 512 അതിഥികൾ പങ്കെടുക്കുന്നുണ്ട്. ഈ മാസം 14 വരെ നീണ്ടു നിൽക്കുന്ന വായനോത്സവത്തിൽ സംഗീത പരിപാടികൾ, ശിൽപശാലകൾ, വിവിധ സെഷനുകൾ, പാനൽ ചർച്ചകൾ എന്നിവയെല്ലാമുൾപ്പെടുത്തിയിട്ടുണ്ട്.