ഷാർജ കുട്ടികളുടെ വായനോത്സവം കുട്ടികളുടെ വൻ പങ്കാളിത്തത്തിനാണ് വേദിയാവുന്നത്. സ്കൂളുകളിൽനിന്ന് അദ്ധ്യാപകരോടൊപ്പവും, അല്ലെങ്കിൽ മാതാപിതാക്കളോടൊപ്പവും പുസ്തകങ്ങളെ അടുത്തറിയാൻ എത്തുന്നവർ നിരവധിയാണ്. കുട്ടികളുടെ പങ്കാളിത്തം കൂടിയിട്ടുണ്ടെന്നും കുട്ടികളെ വായനോത്സവത്തിലേക്ക് ആകർഷിക്കാൻ മറ്റു കലാപരിപാടികൾ ഉൾപ്പെടെ ഏർപ്പെടുത്തിയതിനാൽ കുട്ടികൾ ധാരാളമായി എത്തുന്നുണ്ടെന്നും എഴുത്തുകാരിയും പ്രസാധകയുമായ എം എ ഷഹനാസ് പറഞ്ഞു. ഷാർജ ഗവണ്മെന്റ് പുസ്തകോത്സവത്തിന് വലിയ പിന്തുണ നൽകുന്നുണ്ടെന്നും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള തീരുമാനം ഏറെ സ്വാഗതാർഹമാണെന്നും സാമ്പത്തികമായി ഏറെ സഹായകരമാണെന്നും ഷഹനാസ് കൂട്ടിച്ചേർത്തു. ഇന്നത്തെ മാതാപിതാക്കൾ കുട്ടികളുടെ വായനയും എഴുത്തും പ്രോത്‌സാഹിപ്പിക്കുന്നവർ ആണെന്നും അതിനാൽ തന്നെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മികച്ച അവസരം ഉണ്ടെന്നും അവർ പറഞ്ഞു. വായന കുട്ടികളുടെ ജീവിതത്തിൽ തന്നെ മാറ്റങ്ങൾ വരുത്തുമെന്ന് മാതാപിതാക്കൾക്കു ധാരണ ഉണ്ടെന്നും കുട്ടികളുടെ വായനോത്സവത്തിൽ ആദ്യമായി പങ്കെടുക്കാൻ എത്തിയ ഷഹനാസ് പറഞ്ഞു.
കുട്ടികൾ മിക്കവരും കോമിക് പുസ്തകങ്ങൾ അന്വേഷിച്ചാണ് എത്തുന്നതെന്ന് പ്രദർശകരിൽ ഒരാളായ ഐറിൻ പറയുന്നു. ഇഷ്ട്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ അന്വേഷിച്ചെത്തുന്നവരും കുറവല്ല. കുട്ടികൾക്കായി രക്ഷിതാക്കൾ പുസ്തകങ്ങൾ തെരെഞ്ഞെടുത്തു നൽകുന്നുണ്ടെന്നും വൈകുന്നേരങ്ങളിൽ രക്ഷിതാക്കൾ ആണ് കൂടുതലായി എത്തുന്നതെന്നും പ്രദർശകയായ ഐറിൻ പറഞ്ഞു.
വൈവിധ്യ പരിപാടികളോടെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികൾക്കായുള്ള വായനോത്സവം ഈ മാസം 14ന് അവസാനിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് എഴുത്തുകാർ ഉൾപ്പെടെ നിരവധി അഥിതികളാണ് ഇക്കുറി കുട്ടികൾക്ക് അറിവ് പകരാൻ വായനോത്സവത്തിൽ എത്തുന്നത്.