ഇന്ന് രാവിലെ മുതൽ യുഎഇയുടെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുകയാണ്. ഏഴ് എമിറേറ്റിൽ ആറ് എമിറേറ്റിലും മഴ പെയ്തു. വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ്മുല്‍ഖുവൈനില്‍ മഴ അല്‍പം കുറവുണ്ട്. നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി വരെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് അനുസരിച്ച് ഇന്നും നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
അസ്ഥിര കാലാവസ്ഥാ പരിഗണിച്ച് എല്ലാ ഫെഡറൽ ഗവണ്‍മെൻറ് ജീവനക്കാര്‍ക്കും ഫെബ്രുവരി 12 റിമോട്ട് വര്‍ക്കിങ് ദിനം ആയിരിക്കുമെന്ന് യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ മാറ്റം മൂലം യുഎഇയിലെ സ്വാകര്യ മേഖലാ ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആകാമെന്ന് ദുബായ് കെ എച്ച് ഡി എ അറിയിച്ചു.