ലോകത്തിലെ വലിയ സാങ്കേതികവിദ്യ പ്രദർശനങ്ങളിൽ ഒന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ (ജൈടെക്സ്) ജിഡിആർഎഫ്എ 11 പുതിയ ടെക്നോളജി പദ്ധതികൾ അവതരിപ്പിച്ചു. വിസ സേവനങ്ങളിലും എമിഗ്രേഷൻ യാത്രാ നടപടികളിലും ദുബായിയെ ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടാൻ ഉതകുന്ന നവ പദ്ധതികളാണ് വകുപ്പ് മേളയിൽ പ്രദർശിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയർപോർട്ടിൽ പാസ്പോർട്ട് രഹിത യാത്രാ നടപടി നടപ്പിലാക്കി തുടങ്ങിയെന്ന് വകുപ്പ് മേളയിൽ അറിയിച്ചു. മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാനുള്ള ഏറ്റവും നൂതനമായ 5 സ്മാർട്ട് ഗേറ്റുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നീണ്ട കാലത്തെ ട്രയലുകൾക്കും സുരക്ഷ പ്രക്രിയകൾക്കും ശേഷമാണ് ഔദ്യോഗികമായി പാസ്പോർട്ട് ഇല്ലാതെ സ്മാർട്ട് ഗേറ്റിലുടെ കടന്ന് പോകുന്ന നടപടി ക്രമം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ടെർമിനൽ മൂന്നിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
ഈ മെച്ചപ്പെടുത്തിയ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നതിന്, താമസക്കാർ മുൻകൂട്ടി അവരുടെ പാസ്‌പോർട്ടോ എമിറേറ്റ്സ് ഐഡിയോ ടെർമിനൽ 3-ലെ കൗണ്ടറിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഒറ്റ തവണ രജിസ്റ്റർ ചെയ്താൽ, പിന്നീടുള്ള യാത്രയ്ക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ പാസ്പോർട്ട് സ്കാൻ ചെയ്യേണ്ടതില്ല. നേരിട്ട് ഗേറ്റിലെ സ്ക്രീനിൽ മുഖം കാണിച്ചാൽ എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാം. എന്നാൽ യാത്രികർ എപ്പോഴും തങ്ങളുടെ യാത്ര രേഖകൾ കയ്യിൽ കരുതേണ്ടതുണ്ട്.
മുൻപുള്ള പാസ്പോർട്ട് സ്കാൻ ചെയ്തു സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്ന സേവനം ഇപ്പോഴും ദുബായ് വിമാനത്താവളത്തിലെ എല്ലാ ടെർമിലും നിലവിലുണ്ട്. ഇതിനുള്ള 122 സ്മാർട്ട് ഗേറ്റുകളാണ് ഇവിടങ്ങളിൽ ഉള്ളത്. ക്യാമറയ്ക്ക് ആളുകളുടെ മുഖവും ഒപ്‌റ്റിക് പ്രിന്റും കൃത്യമായി പകർത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഗ്ലാസുകൾ, മുഖംമൂടികൾ അല്ലെങ്കിൽ തൊപ്പികൾ എന്നിവ പോലുള്ള ഏതെങ്കിലും ഉണ്ടെങ്കിൽ നീക്കം ചെയ്തു കൊണ്ട് നടപടി പൂർത്തിയാക്കണം.സമീപഭാവിയിൽ ടെർമിനലുകൾ ഒന്നിലും രണ്ടിലും ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ ജിഡിആർഎഫ്എ-ക്ക് പദ്ധതിയുണ്ട്.
ജിഡിആർഎഫ്എ യുടെ വിപുലീകരിച്ച അപ്ലിക്കേഷന്, പാസ്പോർട്ട് രഹിത യാത്രയ്ക്കുള്ള സ്മാർട്ട് ഗേറ്റ്,വീഡിയോ കോൾ സേവനം, ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പദ്ധതികളുടെ പ്രദർശനവും വിവരണവുമാണ് ജൈടെക്സിൽ ഗ്ലോബൽ 2023 മേളയിൽ ഉണ്ടായി.
നവീകരണത്തിനും സഞ്ചാരി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ദുബായുടെ സമർപ്പണത്തിന്റെ തെളിവാണ് ഈ മെച്ചപ്പെടുത്തിയ സ്മാർട്ട് ഗേറ്റുകൾ. മുഖം കാണിച്ചു നടപടികൾ പൂർത്തീകരിക്കാനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച്, താമസക്കാർക്കും സന്ദർശകർക്കും ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലൊന്നിൽ വേഗമേറിയതും സൗകര്യപ്രദവുമായ അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്.