ത്യാഗസ്മരണ പുതുക്കി ഗൾഫ് നാടുകളിലെ വിശ്വാസികൾ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിച്ചുകൊണ്ട് രാവിലെ നടന്ന നമസ്‌കാരത്തില്‍ പങ്കെടുത്തു. രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി പള്ളികളിലും ഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിൽ പങ്കെടുക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ എത്തിയിരുന്നു. ദുബൈയിൽ മലയാളത്തിലും ഈദ് ഗാഹ് സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തിൽ മലയാളത്തിലുള്ള ദുബായിലെ രണ്ടാമത്തെ ഈദ്ഗാഹ് മുഹൈസിന രണ്ടിൽ സോനാപ്പുർ മുനിസിപ്പാലിറ്റി ലേബർ ക്യാമ്പിന് സമീപത്തെ വിശാലമായ മൈതാനത്താണ് ഒരുക്കിയിരുന്നത്. മൗലവി ഹുസ്സൈൻ കക്കാട് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
ആത്മസമർപ്പണത്തിന്‍റെ ആഘോഷമായ ബലിപെരുന്നാള്‍ നമസ്കാരത്തിന് ശേഷം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പരസ്പരം ആലിംഗനം ചെയ്തും ആശംസകളറിയിച്ചും ആഘോഷങ്ങളിൽ പങ്കുചേർന്നു. ദുബായിലടക്കം പലയിടത്തും വൈകിട്ട് കരിമരുന്ന് പ്രയോഗവും മലയാളികലാകാരന്മാർ അണിനിരക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മലയാളികളടക്കം പ്രവാസി കുടുംബങ്ങളിൽ വലിയൊരു ശതമാനവും പെരുന്നാളിന്ന് സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ട്.
ഒമാനിലെയും വിശ്വാസി സമൂഹം ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. വര്‍ണാഭമായ പെരുന്നാള്‍ ആഘോഷ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. പ്രവാസി സമൂഹവും പെരുന്നാള്‍ ആഘോഷിച്ചു. പെരുന്നാള്‍ നിസ്‌കാരങ്ങളില്‍ നൂറു കണക്കിനു മലയാളികള്‍ പങ്കെടുത്തു. രാജ്യത്ത് പലയിടത്തും മലയാളികള്‍ക്കു മാത്രമായി പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിച്ചു..