വിഭവശേഷികൊണ്ടും ജനസംഖ്യകൊണ്ടും മുന്നിൽ നിൽക്കുന്ന അറബ് രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. പിരമിഡുകളും മമ്മികളും കൊണ്ട് ഈ രാജ്യം പ്രശസ്തമാണ്. നിഗൂഢതകളും അത്ഭുതങ്ങളും നിറഞ്ഞ ഈജിപ്ത് എന്ന നാടിൻറെ പവലിയൻ ഇവിടെ ദുബായ് ഗ്ലോബൽ വില്ലേജിലും ഉണ്ട്. 4000 വർഷംവരെ വർഷം വരെ പഴക്കമുള്ള ഈജിപ്ഷ്യൻ ചരിത്രവും സംസ്കാരവും വിളിച്ചോതുന്നവ പ്രവേശന കവാടങ്ങളുടെ ഇരുവശങ്ങളിലും വിൽപനക്കായി വച്ചിരിക്കുന്ന എല്ലാ വസ്തക്കളിലും കാണാൻ സാധിക്കും.

കരകൗശലവസ്തുക്കളുടെ വലിയ ശേഖരം തന്നെ എത്തിച്ചിട്ടുണ്ട് ഇവിടെ. വലിയ സ്റ്റാളുകളിൽ നിറയെ ഇവ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നു. വളരെ ഭാഗിയുള്ള കരകൗശലവസ്തുക്കൾ ആണിവ. വീടുകൾ അലങ്കരിക്കാൻ ഉള്ളവയാണ് അധികവും. ഇവ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാൻ തന്നെ മനോഹരമാണ്. ഈജിപ്ത് ജനതയുടെ വേഷം ധരിച്ച ചെറു പ്രതിമകളും ഇവിടെ ധാരാളം കാണാം. ഗൃഹം അലങ്കരിക്കാൻ ആയി ആവശ്യമായതെല്ലാം ഇവിടെ ഉണ്ട്. സ്ഫിങ്സിന്റെയും ഈജിപ്ത്യൻ ഫറവോമാരുടെയും രൂപങ്ങൾ ധാരാളമായി ഉണ്ട്. ബെല്ലി ഡാൻസ് വസ്ത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ചിത്രപ്പണികളൂടെ തിളങ്ങുന്ന കളിമൺ പാത്രങ്ങളും നിരവധിയാണ്. കണ്ണെടുക്കാൻ തോന്നാത്തവിധം പല വർണങ്ങളിൽ നിർമ്മിച്ചിരിക്കുന്ന കളിമൺ പാത്രങ്ങളും ഗ്ളാസ്സുകളും കപ്പുകളുമെല്ലാം സന്ദർശകരെ ആകർഷിക്കാൻ പോന്നവയാണ്. ധാരാളം പെയിന്റിങ്ങുകളും ഇവിടെ വിൽപ്പനക്കായി എത്തിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ ഈ നാടിൻറെ സംസ്കാരം തുടിക്കുന്നവയാണ്.

പ്രകൃതിദത്ത ചായങ്ങൾ ഉപഗോഗിച്ച് നിർമ്മിച്ച ചിത്രങ്ങളും ധാരാളം. ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ഒരു മാജിക് റൂമും ഇവിടെ ഉണ്ട്. രാത്രിയിൽ തിളങ്ങുന്ന ചിത്രങ്ങൾ. പ്രത്യേകതരം ചെടികളും ഇലകളും വെള്ളത്തിൽ കുതിർത്തിട്ട് അവ പിന്നീട് പലവിധത്തിലുള്ള പ്രക്രിയയിലൂടെ കേടുപാടുകൾ ഉണ്ടാവാത്ത പേപ്പറുകളാക്കി മാറ്റി അവയിൽ പ്രകൃതി ദത്ത ചായങ്ങൾ ചാലിച്ചാണ് ഈ മനോഹര ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇരുട്ടിൽ ഈ പെയിന്റിങ്ങുകൾ മറ്റൊരു നിറമായി തീരും. പല ആശയങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഈജിപ്തിന്റെ ചരിത്രവും സംസ്കാരവുമെല്ലാം ഇവിടെ ഈ വരകളിൽ പ്രതിഫലിക്കുന്നുണ്ട്.

വിവിധ തരത്തിലുള്ള സുവനീയറുകൾ, ഔദ് എന്ന വാദ്യോപകരണത്തിന്റെ വിവിധ വലുപ്പത്തിലുള്ളവ യഥേഷ്ടം ഉണ്ടിവിടെ. സുവനീയറുകളായി സൂക്ഷിക്കാൻ പറ്റുന്ന നിരവധി വസ്തുക്കളുടെ നിറവാണ് ഈജിപ്തിന്റെ പവലിയനിൽ. അങ്ങനെ ഈജിപ്തിന്റെ പവലിയനിൽ എത്തിയാൽ കൺ നിറയെ കാണുവാനും കൈ നിറയെ വാങ്ങുവാനും ഉള്ളവയാണ് ഈ പവലിയനിൽ ഉള്ളത്.