ദുബൈ മുനിസിപ്പാലിറ്റി ഒരുക്കുന്ന ഹത്ത ഹണി ഫെസ്റ്റിവലിന് തുടക്കമായി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 50ലേറെ കർഷകർ ആണ് വിവിധയിനം തേനും തേനുൽപന്നങ്ങളുമായി ഏഴാമത് ഹണി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. അറബ് ലോകത്തെ ഏറ്റവും മികച്ചതേൻ ഉത്പന്നങ്ങളാണ് അധികവും പ്രദർശിപ്പിക്കുന്നത്. ഹത്ത ഹാളിൽ നടക്കുന്ന തേൻ ഉത്സവം ഡിസംബർ 31വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് എട്ടുവരെയുള്ള നീണ്ടുനിൽക്കും.
50 ഓളം യു.എ.ഇ. യിലെ കർഷകർ സ്വന്തം കൃഷിയിടങ്ങളിൽ വളർത്തുന്ന തേനീച്ചകളിൽനിന്ന് ശേഖരിക്കുന്ന തേൻ ആണ് മേളയിലെ പ്രധാനപ്പെട്ടവ. 50 സ്റ്റാളുകളാണ് മേളയിലുള്ളത്. ഫെസ്റ്റിവൽ വേദിയിലുള്ള തേനുകൾ പരിശോധിച്ച് അവയുടെ ഗുണമേൻമ അറിയുന്നതിനായി തേനുത്പാദകർക്കും ഉപഭോക്താക്കൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ദുബൈ സെൻട്രൽ ലബോറട്ടറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ പ്രദർശകർക്കും അവരുടെ തേനിന്റെ ഗുണനിലവാരം സംബന്ധിച്ച സർട്ടിഫിക്കറ്റ് അധികൃതർ നൽകുന്നുണ്ട്.
ഹത്തയിലെ തേൻ ഉൽപാദനമേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിനും ആവശ്യക്കാർക്ക് മികച്ച തേൻ ലഭ്യമാക്കുകയും തേനീച്ച കർഷകരെ പ്രോത്സാഹിക്കുന്നതിനും വേണ്ടിയാണ് ഹണി ഫെസ്റ്റിവലെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജൻസിയുടെ ആക്ടിങ് സി.ഇ.ഒ. ആലിയ അൽ ഹർമൂദി പറഞ്ഞു. യു.എ.ഇയിലെ തേൻ ഉൽപാദനത്തിന്റെ കേന്ദ്രമെന്ന നിലയിലാണ് ഹത്തയിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഹത്തയുടെ സമഗ്രമായ വികസനം ലക്ഷ്യംവെച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ച വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഫെസ്റ്റിവൽ ഒരുക്കിയത്.