ദുബൈ ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങ്ങിൽ ശനിയാഴ്ച ഉച്ചക്ക് 12.35ന് ഉണ്ടായ തീപിടുത്തത്തിൽ മരിച്ച 16 പേരിൽ 13 പേരെയും തിരിച്ചറിഞ്ഞു. രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ തീപിടുത്തത്തിൽ മരിച്ചു. മലയാളികളായ മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32), തമിഴ്നാട് സ്വദേശികളായ സാലിയകുണ്ടു ഗുഡു, ഇമാം കാസിം എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
ഷോർട് സർക്ക്യൂട്ടാണ് അപകടത്തിന് കാരണം. കെട്ടിടത്തിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനിടെയാണ് തമിഴ്നാട് സ്വദേശികളുടെ മരണം. തീപിടിത്തത്തിൽ മരിച്ച 16 പേരിൽ 13 പേരെയും തിരിച്ചറിഞ്ഞു. അഞ്ച് സുഡാനികൾ, മൂന്ന് പാകിസ്താനികൾ, ഒരു കാമറൂൺ സ്വദേശി എന്നിവരാണ് മരിച്ചത്.
മരിച്ച റിജേഷ് ട്രാവൽസ് ജീവനക്കാരനാണ്, ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്‍റെ മുറിയിലേക്ക് പുകപടർന്നതോടെ പുറത്തിറങ്ങാൻ കഴിയാതെ പുകശ്വസിച്ചാണ് ഇവരുടെ മരണം.