സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾ പരിഹാസങ്ങൾ ആവരുത് എന്നും സിനിമയിലെ നല്ല മാറ്റങ്ങൾക്ക് കാരണം പ്രേക്ഷകർ ആണെന്നും നടൻ മമ്മൂട്ടി. ദുബൈയിൽ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. പ്രേക്ഷകരെ വിശ്വസിച്ചാണ് പുതിയ പരീക്ഷണങ്ങൾ സിനിമയിൽ ചെയ്യുന്നതെന്നും ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ലെന്നും നടൻ വ്യക്തമാക്കി. വിമർശങ്ങൾ അതിരുവിടുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. പ്രേക്ഷകർ സ്വീകരിക്കുന്ന കാലത്തോളം സിനിമ മാറിക്കൊണ്ടിരിക്കും. നമ്മൾ വലിയ ഗീർവാണം അടിച്ചാലും തിയെറ്ററിൽ എത്തുമ്പോൾ ഒന്നുമില്ലെങ്കിൽ പ്രേക്ഷകർ കൈയൊഴിയുമെന്നും ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ ഫാൻസ് മാത്രമല്ല എല്ലാവരും സിനിമ കാണുന്നത് കൊണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു.
ക്രിസ്റ്റഫർ എന്ന പുതിയ ചിത്രത്തിൽ പൊലീസുകാരന്റെ റോളാണ് തന്റേതെന്നും സ്ത്രീകഥാപാത്രങ്ങൾക്ക് മികച്ച പ്രാധാന്യം നൽകുന്ന സിനിമകൂടിയാണിതെന്നും മമ്മൂട്ടി പറഞ്ഞു. ഈ പോലീസ് വേഷത്തിന് ഒരു കഥയുണ്ട്, അയാൾക്കൊരു വ്യഥയുണ്ട്, ചേർന്ന് നിൽക്കുന്ന ഒരുപാട് ശക്തികളുണ്ട്, ഒരുപാട് വെല്ലുവിളികളുണ്ട്, അതെല്ലാം ഈ സിനിമയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ അനുഭവം നടിഐശ്വര്യ ലക്ഷ്മിയും, മറ്റു നടിമാരായ സ്നേഹ, രമ്യാ സുരേഷ് തുടങ്ങിയവരും പങ്കുവെച്ചു. ഈ ചിത്രത്തിലെ റോൾ ചോദിച്ചുവാങ്ങിയതാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ആക്ഷൻ സിനിമയായ ക്രിസ്റ്റഫർ ഈ മാസം ഒൻപതിന് തിയേറ്ററുകളിലെത്തും. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, റാഷിദ്, ആർ.ജെ. സൂരജ്, റെബിൻ ആരിഫ്, ഹാഷിഫ്, ഫാരിഷ്, ഷെമീർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.