അമേരിക്ക – ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ പ്രത്യാക്രമണവും രൂക്ഷമാവുകയാണ്. സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. കുവൈറ്റിൽ വിമാനത്താവളത്തിലും ഇറാന്റെ ആക്രമണം നടന്നു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു എന്നടക്കം വിശദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ ആക്രമണം നടന്നതായി കുവൈറ്റ് അറിയിക്കുന്നുണ്ട്. ഡ്രോൺ ആക്രമണം നടന്നതായാണ് കുവൈറ്റ് അറിയിക്കുന്നത്. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
അമേരിക്ക – ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയുടെയും ഭാഗമായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്.
ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് ദുബായ് പാം ജുമൈറയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം ഉണ്ടായി. 4 പേർക്ക് പരിക്കേറ്റു. ആക്രണം നടന്നത് ജുമൈറ ലേക് ടവറിൽ ആണ് മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം ഉണ്ടായത്. സിവിൽ ഡിഫെൻസ് സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
നേരത്തെ ബഹ്‌റൈനിലും ഇറാൻ ആക്രമണം നടന്നു. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും സുരക്ഷാ ലംഘനവുമാണ് നടന്നതെന്ന് ബഹ്‌റൈൻ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ ഉണ്ടായതെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

