ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലും രണ്ടിലും കുട്ടിക്കുള്ള എമിഗ്രേഷൻ കൗണ്ടർ തുറന്നു. ടെർമിനൽ മൂന്നിലുള്ള കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറിന് ലഭിച്ച സ്വീകാര്യതയെ തുടർന്നാണ് ഇതര ടെർമിനുകളിലെ അറൈവൽ ഭാഗത്തും കൗണ്ടർ തുറന്നത്. ബലിപെരുന്നാളിലെ ആദ്യം ദിവസം ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ഉദ്ഘാടനം ചെയ്തു. ഉപ മേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു
കുട്ടികൾക്ക് പാസ്പോർട്ട് സ്റ്റാമ്പിങ് പ്രക്രിയ സ്വയം അനുഭവിക്കാനും ഇമാറാത്തി സംസ്കാരങ്ങൾ മനസിലാക്കാനും യാത്രക്കാരിൽ മതിപ്പ് ഉളവാക്കാനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഈദുൽ ഫിത്തർ ദിനത്തിൽ ദുബൈ എയർപോർട്ടിൽ കുട്ടികൾക്കുള്ള എമിഗ്രേഷൻ കൗണ്ടർ ആരംഭിച്ചത്. അതിന് ശേഷം 10,423 കുട്ടികൾ ഈ കൗണ്ടർ പ്രയോജനപ്പെടുത്തി. ഈ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ദുബൈ എയർപോർട്ടിലെ എല്ലാ ടെർമിനിലും കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ ആരംഭികാൻ അധികൃതരെ പ്രേരിപ്പിച്ചത്.
കുട്ടികൾക്ക് മാത്രമായുള്ള ലോകത്തെ ആദ്യത്തെ എമിഗ്രേഷൻ സംവിധാനമാണ് ഈ കൗണ്ടർ. കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറുകൾ പരമ്പരാഗത എമിറാത്തി പൈതൃകത്തിന്റെയും സാംസ്‌കാരിക നവോത്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന അടയാളങ്ങളും സംയോജിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൗണ്ടറുകളുടെ തറയിൽ നിരവധി ഭാഷകളിലും അലങ്കരിച്ചിരിച്ചിട്ടുണ്ട്.