ഇന്‍സ്റ്റഗ്രാമില്‍ 650,000 സ്‌ട്രോംങ് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സും യൂ ട്യൂബില്‍ മറ്റൊരു 40,000 ഫോളോവേഴ്‌സുമുള്ള ഷെഫ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വായില്‍ വെള്ളമൂറുന്ന മീന്‍ കറി ഉണ്ടാക്കി വിളമ്പി. 42-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കുക്കറി കോര്‍ണറിലാണ് കുട്ടികളും വീട്ടമ്മമാരുമടങ്ങിയ ഒരുപറ്റം പ്രേക്ഷകരെ കൃഷ് അശോക് പിടിച്ചു നിര്‍ത്തിയത്. ഓരോ വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചത് ചേരുവകളുടെ ചരിത്രവും ശാസ്ത്രവും പറഞ്ഞു കൊണ്ടായിരുന്നു. ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളായിരുന്നു ഡെമോയിലൂടെ കൃഷ് അവതരിപ്പിച്ചത്. പനീര്‍ പക്കോറ, സൗത്തിന്ത്യന്‍ ഫിഷ് കറി, പെരുങ്കായം എന്നിവയുടെ സവിശേഷ അവതരണവും നടന്നു.
വീട്ടിലെ അടുക്കളയില്‍ നടത്തിയ പ്രായോഗിക നിരീക്ഷണങ്ങളില്‍ നിന്നാണ് തന്റെ പാചക അറിവിന്റെ ഭൂരിഭാഗവും നേടിയെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദക്ഷിണേന്ത്യയില്‍ മീന്‍ കറിയിലും ഇറചിക്കറിയിലും പുളി ചേര്‍ക്കുന്നതിന്റെ കാരണം അതിന്റെ അസിഡിറ്റിയാണ്. ഉയര്‍ന്ന ടെംപറേച്ചറുള്ള ദക്ഷിണേന്ത്യന്‍ കാലാവസ്ഥയില്‍ പുളിയുടെ അസിഡിറ്റി ഷെല്‍ഫ് ലൈഫ് നല്‍കുന്നു. ചുവന്നുള്ളിയോ വെളുത്തുള്ളിയോ കഴിക്കാത്തവര്‍ക്കായാണ് പെരുങ്കായം ഉപയോഗിക്കുന്നത്. മുളക് ഇന്ത്യക്കാരുടെ പൂര്‍വികര്‍ ഉപയോഗിച്ചിട്ടില്ലായിരുന്നു. പോര്‍ച്ചുഗീസുകാരാണ് മുളക് ഇന്ത്യയിലെത്തിച്ചത്. തേങ്ങാപ്പാല്‍ കറികളില്‍ അവസാനം ചേര്‍ത്താല്‍ മസാല ഗുണം നഷ്ടപ്പെടും. വെളുത്തുള്ളി അവസാനം ചേര്‍ത്താല്‍ നേരിയ ഗുണമേ ലഭിക്കൂ. ഉള്ളി അവസാന സമയത്ത് ചേര്‍ത്താല്‍ രൂക്ഷത കൂടും അദ്ദേഹം വിശദീകരിച്ചു.