ദുബായ്: ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി റിംഗ് പശ്ചാത്തലമാക്കി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച; ദ റിംഗ് ഓഫ് റൗഡീസ്’ എന്ന മലയാള സിനിമയുടെ പ്രമോഷന്റെ ഭാഗമായി ‘ചത്താ പച്ച’ ടീം ദുബായിൽ എത്തി. മെഗാസ്റ്റാർ മമ്മൂട്ടി ഗുസ്തി റിംഗിലേക്ക് നടന്നു കയറുന്നതായി സൂചന നൽകിക്കൊണ്ട് ട്രെയിലർ പുറത്തുവന്നെങ്കിലും സിനിമയിലെ സസ്പെൻസ് കഥാപാത്രങ്ങളെ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും ജനുവരി 22 വരെ കാത്തിരിക്കണമെന്നും സംവിധായകൻ അദ്വൈത് നായർ പറഞ്ഞു. ടിക്കറ്റ് വില്പന ഉദ്‌ഘാടനം ചെയ്തുകൊണ്ട് മോഹൻലാൽ സിനിമയിൽ എത്തുന്ന തന്റെ സുഹൃത്തിനെ കുറിച്ച് പറഞ്ഞത് ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്, എന്നാൽ ആരെക്കുറിച്ചാണ് തന്റെ ബന്ധു കൂടിയായ മോഹൻലാൽ പറഞ്ഞതെന്ന് അറിയില്ലെന്നും, അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്വൈത് കൂട്ടിച്ചർത്തു. മോഹൻലാലിന്റെ പ്രോത്സാഹനം ഏറെ സഹായിച്ചതായും അദ്വൈത് പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു സിനിമ സ്വപ്നം പോലും കണ്ടിരുന്നില്ലെന്നും അതിനാൽ തന്നെ വലിയ ആകാംക്ഷയിലാണ് ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുന്നതിനും നടൻ അർജ്ജുൻ അശോകൻ പറഞ്ഞു. ഗുസ്തി പശ്ചാത്തലമായ ചിത്രമായതുകൊണ്ടുതന്നെ ചിത്രീകരണ സമയത്ത് ചെറിയ പരിക്കുകൾപറ്റിയിരുന്നെങ്കിലും പരിശീലനം കൊണ്ടും സഹതാരങ്ങളുടെ സൗഹൃദംകൊണ്ടും അതിനെയെല്ലാം മറികടന്നെന്നും അദ്ദേഹം പറഞ്ഞു.

സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും വയലെന്സിന്റെ അതിപ്രസരം സിനിമയിൽ ഇല്ലെന്നും നടൻ റോഷൻ മാത്യു പറഞ്ഞു. ആക്ഷനോടൊപ്പം നർമ്മവും കൂടെ സൗഹൃദവും ഇഴചേർന്ന സിനിമയാണിതെന്നും റോഷൻ മാത്യു പറഞ്ഞു. നടന്മാരായ വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് നിർമ്മാതാക്കളിൽ ഒരാളായ ഷിഹാൻ ഷൗക്കത്തും മാധ്യമങ്ങളോട് സംസാരിച്ചു.

എമിറാത്തി ഇൻഫ്ലുൻസർ ഖാലിദ് അൽ അമീരിയും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 2026 ജനുവരി 22 ന് ചിത്രം തീയേറ്ററുകളിലെത്തും.

