യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അന്‍ നെയാദി സെപ്തംബര്‍ മൂന്നിന് (ഞായറാഴ്ച) ഭൂമിയില്‍ തിരിച്ചെത്തുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ താമസിച്ച യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി തന്റെ ആറ് മാസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് സെപ്റ്റംബര്‍ മൂന്നിന് ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തുന്നത്. നെയാദി ഉള്‍പ്പെടെ ആര് പേരെയും വഹിച്ചുകൊണ്ട് യുഎസിലെ ഫ്‌ലോറിഡ തീരത്ത് ബഹിരാകാശ പേടകം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.
നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്‍ഡ്രി ഫെദീവ് എന്നിവരാണ് അല്‍ നെയാദിക്കൊപ്പം ഭൂമിയിലേക്ക് മടങ്ങുന്നത്. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ സെപ്തംബര്‍ രണ്ടിന് ഇവര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് യാത്ര തിരിക്കും. വെള്ളിയാഴ്ച തിരിച്ചെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് യാത്ര രണ്ടു ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു.
സെപ്തംബര്‍ മൂന്നിന് ഫ്‌ലോറിഡിലെ താംപ തീരത്ത് പേടകം ലാന്‍ഡ് ചെയ്യും. ആറു മാസത്തെ ദൗത്യത്തിനായി അല്‍ നെയാദി ഉള്‍പ്പെട്ട നാലംഗ ക്രൂ-6 സംഘം കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. ക്രൂ-6ന് പൂര്‍ത്തിയാക്കാനാവാത്ത ജോലികള്‍ കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തില്‍ എത്തിയ ക്രൂ-7നെ ഏല്‍പ്പിച്ചാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. ലാന്‍ഡിങിന് മുന്നോടിയായി കാലാവസ്ഥ പ്രവചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാസ വിലയിരുത്തി വരികയാണ്. ഇതിനകം 200ഓളം പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുഎഇ സര്‍വകലാശാലകള്‍ക്ക് വേണ്ടി 19 പരീക്ഷണങ്ങളും ഇതില്‍പ്പെടും. ഗുരുത്വാകര്‍ഷണം കുറഞ്ഞ സാഹചര്യത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നതായിരുന്ന പ്രധാന പരീക്ഷണം.
ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് വംശജന്‍, ബഹിരാകാശത്ത് ഏറ്റവുമധികം ദിവസം താമസിച്ച അറബ് ലോകത്തെ ആദ്യ യാത്രികന്‍ തുടങ്ങിയ ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കിയാണ് സുല്‍ത്താന്‍ അല്‍നെയാദി ഭൂമിയില്‍ തിരിച്ചെത്തുന്നത്. നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള ശാരീരിക ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ നെയാദി രണ്ടാഴ്ച മുമ്പ് എക്‌സില്‍ പങ്കിട്ടിരുന്നു. ബഹിരാകാശ യാത്ര മനുഷ്യരെ ശാരീരികമായും മാനസികമായും എങ്ങനെ ബാധിക്കുന്നുവെന്നും ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ എന്താണ് ചെയ്യേണ്ടതെന്നും അല്‍ നെയാദി പുതിയ വീഡിയോയില്‍ വിശദീകരിച്ചിരുന്നു
ഐഎസ്എസിനുള്ളില്‍ 200ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയാണ് നെയാദി മടങ്ങുന്നത്. ബഹിരാകാശയാത്രികരുടെ പ്രതിരോധശേഷിയും ഐഎസ്എസിലെ സൂക്ഷ്മജീവ രോഗാണുക്കളും തമ്മിലുള്ള പ്രതികരണം വിശകലനം ചെയ്യുന്നതിനുള്ള ഹോസ്റ്റ്പഥോജന്‍ പരീക്ഷണത്തിലാണ് ഏറ്റവും അവസാനം അല്‍ നെയാദി പങ്കെടുത്തത്. അല്‍ നെയാദിയുടെ രക്തത്തില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ബഹിരാകാശ ജീവിതത്തോട് അദ്ദേഹത്തിന്റെ ശാരീരിക പ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിച്ചുവെന്ന് കണ്ടെത്തും. ഐഎസ്എസിലും ഭൂമിയിലും ശേഖരിച്ച അല്‍ നെയാദിയുടെ ഡിഎന്‍എ സാമ്പിളുകള്‍ വഴിയാണ് പഠനഫലങ്ങള്‍ വിശകലനം ചെയ്യുക. നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററുമായി സഹകരിച്ചാണ് ഈ പരീക്ഷണം നടത്തിയത്.