അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിൻ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചു. അതിവേഗ ട്രെയിൻ വഴി രണ്ട് എമിറേറ്റുകൾക്കിടയിലുള്ള യാത്രാ സമയം 30 മിനിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 350 കിലോമീറ്റർ വേഗതയിൽ ഓടുന്ന അതിവേഗ ട്രെയിൻ റീം ദ്വീപ്, സാദിയാത്ത്, യാസ് ദ്വീപ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ദുബായിലെ അൽ ജദ്ദാഫ് എന്നിങ്ങനെ ആറ് സ്റ്റേഷനുകളിലൂടെ കടന്നുപോകും.
ടെൻഡറുകൾ അവസാനിച്ചതിന് ശേഷം അതിവേഗ ട്രെയിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുമെന്നും അബുദാബിയിൽ നടന്ന മാധ്യമസമ്മേളനത്തിൽ ഇത്തിഹാദ് റെയിലിന്റെ ചീഫ് പ്രോജക്ട് ഓഫീസർ മുഹമ്മദ് അൽ ഷെഹി പറഞ്ഞു. അടുത്ത അഞ്ച് പതിറ്റാണ്ടുകളിൽ യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 145 ബില്യൺ ദിർഹം കൂടി ഈ അതിവേഗ ട്രെയിൻ കൂട്ടിച്ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതോടൊപ്പം സാധാരണ പാസഞ്ചർ ട്രെയിനും പുറത്തിറക്കും. സാധാരണ പാസഞ്ചർ ട്രെയിൻ യുഎഇയിലുടനീളം ഒമാൻ അതിർത്തിയിലേക്ക് വരെ സഞ്ചരിക്കും. മെസീറയിലൂടെ കടന്ന് ലിവ മരുഭൂമിയിലൂടെയും അതിന്റെ പ്രശസ്തമായ മരുപ്പച്ചയിലൂടെയും സഞ്ചരിക്കും. ഷാർജയിലും ഫുജൈറയിലും സ്റ്റേഷനുകൾ ഉണ്ടാകും. ജിസിസി റെയിൽവേ പ്രവർത്തനക്ഷമമാകുന്നതോടെ വിശാലമായ ജിസിസിയിലേക്ക് വ്യാപിക്കും.
റെഗുലർ സ്പീഡ് പാസഞ്ചർ ട്രെയിൻ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കും. ഇത് 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും, 400 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും. ഇതിനു പുറമെ, കാര്‍ഗോ ട്രെയിനുകളും ഇത് വഴി സര്‍വീസ് നടത്തും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ നാല് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. സാധാരണ പാസഞ്ചര്‍ ട്രെയിന്‍ ഇതിനകം സര്‍വീസിന് പൂര്‍ണ സജ്ജമായിട്ടുണ്ടെങ്കിലും എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുഹമ്മദ് അല്‍ ഷെഹി പറഞ്ഞു.