ഇസ്രയേൽ – ഇറാൻ യുദ്ധം മുറുകുന്നതിനിടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
“ഗൾഫ് മേഖലയിലെ ചില ഭാഗങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, എയർ ഇന്ത്യ എക്സ്പ്രസ് പടിഞ്ഞാറോട്ടുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവച്ചിരിക്കുന്നു. അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.ബാധിക്കപ്പെട്ട അതിഥികളെ അവരുടെ രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് വിശദാംശങ്ങളിൽ നേരിട്ട് അറിയിക്കുന്നു. അതിഥികൾ airindiaexpress.com-ൽ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും അവരുടെ കോൺടാക്റ്റ് വിവരങ്ങൾ കാലികമാണെന്ന് ഉറപ്പാക്കാനും നിർദ്ദേശിക്കുന്നു. ബാധിക്കപ്പെട്ട വിമാനങ്ങളിലെ മാറ്റത്തിനും റദ്ദാക്കലിനും ഇളവുകൾക്കായി, അതിഥികൾക്ക് ഞങ്ങളുടെ വെബ്സൈറ്റിലെ ‘ബുക്കിംഗ് നിയന്ത്രിക്കുക’ വിഭാഗം സന്ദർശിക്കാം അല്ലെങ്കിൽ +91 6360012345 എന്ന നമ്പറിൽ വാട്ട്സ്ആപ്പിൽ ടിയയുമായി ചാറ്റ് ചെയ്യാം” എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി. പുറപ്പെട്ട പല വിമാനങ്ങളും തിരിച്ചുവിളിച്ചു. ഇന്ന് കരിപ്പൂരിൽ നിന്നും ഗൾഫ് മേഖലയിലേക്ക് സർവീസ് ഇല്ല.

