ഷോപ്പിംഗിന്റെയും ആഘോഷങ്ങളുടെയും കേന്ദ്രമായി മാറുന്ന ദുബായ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്ന “കിഡ്സ് ഫെസ്റ്റ്” കുട്ടികളെ ആവേശത്തിലാഴ്ത്തുകയാണ്. നിരവധി രസകരമായ ഔട്ട്ഡോർ ആക്ടിവിറ്റികളിൽ ലൈഫ്-സൈസ് ബോർഡ് ഗെയിമുകൾ, ലൈവ് ഷോകൾ, ധാരാളം സമ്മാനങ്ങൾ എന്നിവയാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഏറ്റവും വലിയ സ്നേക്ക്‌സ് ആൻഡ് ലാഡേഴ്‌സ് ബോർഡ് ഗെയിമിന്’ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ‘സ്നേക്ക്‌സ് ആൻഡ് ലാഡേഴ്‌സ്’, 4-ഇൻ-എ-റോ, ബാറ്റിൽ ഷിപ്പുകൾ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
![](https://channelnew.com/wp-content/uploads/2025/02/kf-1024x578.jpeg)
ബോർഡ് ഗെയിമുകൾക്കൊപ്പം കോംപ്ലിമെൻ്ററി ഫെയ്സ് പെയിൻ്റിംഗ്, ബലൂൺ മോഡലിംഗ്, കുട്ടികൾക്ക് കൗതുകമായി പരേഡുകൾ, വിവിധ പ്രദർശനങ്ങൾ എന്നിവയിൽ എല്ലാം കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തമാണ് ഉള്ളത്. കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കാണാനും അവരോടൊപ്പം അൽപസമയം ചിലവഴിക്കാനും വണ്ടറേഴ്‌സ് കിഡ് ഫെസ്റ്റിന്റെ ഭാഗമായുള്ള കിഡ്‌സ് തിയേറ്ററിൽ സൗകര്യവുമുണ്ട്. കൂടാതെ കുട്ടികൾക്കുള്ള ചെറുമത്സരങ്ങളിൽ വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കും.
എല്ലാതരം റൈഡുകളും ആസ്വദിച്ചുവെന്നും ആവേശത്തിന് ഒട്ടു കുറവില്ലെന്നും ഇവിടെ എത്തിയ കുരുന്നുകൾ പറഞ്ഞു. കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഇത്തരം മത്സരങ്ങളും കാളികളുമെല്ലാം അവരെ മാനസികവും ശാരീരീരികവുമായി പ്രോത്‌സാഹിപ്പിക്കുന്നതാണെന്നും എല്ലാ മാതാപിതാക്കളൂം കുട്ടികളെ ഇവിടെ പങ്കെടുപ്പിക്കാൻ കൊണ്ടുവരണമെന്നും രക്ഷിതാക്കളും സാക്ഷ്യപെടുത്തുന്നു.
![](https://channelnew.com/wp-content/uploads/2025/02/kf3-1024x571.jpeg)
ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ഇടത്താണ് കിഡ്സ് ഫെസ്റ്റ് നടക്കുന്നത്. 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ആഘോഷം ഫെബ്രുവരി 28 വരെ നീളും. വൈകിട്ട് 4 മുതൽ 10 വരെയാണ് കിഡ്സ് ഫെസ്റ്റ്. ഫെസ്റ്റിവലിന്റെ ഭാഗമായ വിനോദ– വിദ്യാഭ്യാസ പരിപാടികൾ പൂർണമായും സൗജന്യമാണ്. പ്രായഭേതമന്യേ ഏവർക്കും ഇവിടേയ്ക്ക് വരാമെങ്കിലും കുട്ടികൾക്കാണ് മത്സരത്തിലും മറ്റും പങ്കെടുക്കാനാവുക. വണ്ടറേഴ്‌സ് കിഡ് ഫെസ്റ്റിന്റെ എല്ലാ വിനോദങ്ങളിലും ഏർപ്പെടാൻ കുട്ടികൾക്ക് കഴിയുന്നവിധമാണ് ഇവയെല്ലാം ഒരുക്കിയിരിക്കുന്നത്. ഇതിലേക്കുള്ള പ്രവേശനവും സൗജന്യമാണ്.
വിവിധ സംസ്കാരങ്ങൾ, വിനോദ പരിപാടികൾ, ഭക്ഷണം, ഷോപ്പിങ് എന്നിവയുടെ സംഗമവേദിയെന്നാണ് ഗ്ലോബൽ വില്ലേജിനെ വിശേഷിപ്പിക്കുന്നത്. 28ഇൽ അധികം രാജ്യങ്ങളുടെ പവിലിയനുകൾ, 3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, രുചിവൈവിധ്യങ്ങളുടെ മഹാമേള എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളാണ് ഗ്ലോബൽ വില്ലേജിന്റെ 29-ാം പതിപ്പിലും സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ , വിശേഷ ദിവസങ്ങളിലെ പരിപാടികൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയവ വൈവിധ്യ അനുഭവങ്ങൾ ആണ്. തെരുവ് കലാപ്രകടനങ്ങൾ, സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ വേറെയുമുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങിയ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശന പ്രവാഹമാണ്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും. എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയതായിബസ് സർവീസുകളും ആർ ടി എ ആരംഭിച്ചിട്ടുണ്ട്. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.