വിവിധ രാജ്യക്കാരുടെ സമ്മേളന, സാംസ്‌കാരിക, വിനോദനഗരിയായ ആഗോളഗ്രാമത്തിൽ ഇക്കുറി 7 രാജ്യങ്ങളുടെ പുതുവത്സരം പിറന്നു. ഗംഭീര കരിമരുന്ന് പ്രയോഗത്തോടൊപ്പം മറ്റു കലാപരിപാടികളും അതാത് രാജ്യങ്ങളുടെ പവലിയനിൽ ഈ സമയങ്ങളിൽ അരങ്ങേറി. ഓരോ പുതുവത്സരപ്പിറവിക്കും കൗണ്ട്ഡൗണും ഗ്ലോബൽ വില്ലേജ് ഒരുക്കുന്ന പ്രത്യേക വെടിക്കെട്ടും ഉണ്ടായിരിന്നു.
യുഎഇ സമയം രാത്രി 8 മണിക്ക് ചൈനയുടെ പുതുവർഷത്തോടൊപ്പമാണ് ദുബായ് ഗ്ലോബൽ വില്ലേജിൽ ഇക്കുറി ആദ്യ പുതുവർഷം പിറന്നത്. കരിമരുന്നു പ്രയോഗത്തോടെയാണ് ചൈന പുതുവർഷം ആഗോളഗ്രാമത്തിൽ ആഘോഷിച്ചത്. തുടർന്ന് 9 മണിക്ക് തായ്‌ലൻഡിന്റെ പുതുവർഷം, 10ന് ബംഗ്ലാദേശും, 10.30ന് ഇന്ത്യയും 11ന് പാക്കിസ്ഥാനും 12ന് യുഎഇയും 1 മണിക്ക് തുർക്കിയും ഗ്ലോബൽ വില്ലേജിൽ പുതുവത്സരം ആഘോഷിച്ചു. ഒരു മണിക്ക് തുർക്കിയുടെ പുതുവർഷത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.