തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് ഓണം വാരാഘോഷം ശനിയാഴ്ച അവസാനിക്കും. ഓണം വാരാഘോഷത്തിന്റെ വർണ്ണക്കാഴ്ച്ചകള്‍ സെപ്തംബര്‍ രണ്ടാം തീയ്യതി പ്രൗഢ ഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും പ്രധാനവേദിയായ കനകക്കുന്നിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുമൊരുക്കിയ ദീപാലങ്കാരത്തിനു പുറമെ ഇത്തവണ അതിവിപുലമായ ലേസര്‍ ഷോയും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ഏഴിന് തുടങ്ങുന്ന ലേസര്‍ ഷോ കാണാൻ നിരവധിപേരാണ് നിത്യേന എത്തുന്നത്.
31 വേദിയിലായി നടന്ന കലാപരിപാടികളെല്ലാം ഒന്നിനൊന്ന് മികച്ചു നിന്നുവെന്നാണ് കാണാനെത്തിയവർ പറയുന്നത്. കനകക്കുന്നിൽ നടക്കുന്ന ട്രേഡ് ഫെയറിലും സർക്കാർ വകുപ്പുകൾ ഒരുക്കിയ എക്സിബിഷനിലും തിരക്കിന്റെ പൂരമാണ്. നഗരത്തിലെ ആഘോഷങ്ങളോട് മത്സരിക്കുംവിധമായിരുന്നു ഗ്രാമപ്രദേശങ്ങളിലെ വേദികളും. നെടുമങ്ങാട്ടെ ഓണോത്സവവും അരുവിക്കരയിലെ ഓണനിലാവും, കാട്ടാക്കടയിലെ ഓണാഘോഷവും ആസ്വദിക്കാൻ നിരവധിപേർ എത്തി.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശംഖുംമുഖം, മടവൂർപ്പാറ ബ്ലോട്ട് ക്ലബ്, വേളി ടൂറിസം വില്ലേജ്, ആക്കുളം ടൂറിസം വില്ലേജ് തുടങ്ങിയ സ്ഥലങ്ങളിലും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. നിരവധി നാടന്‍ കലാരൂപങ്ങളും ശാസ്ത്രീയ സംഗീതവും ശാസ്ത്രീയ നൃത്തവും അനുഷ്ഠാനകലകളും വിവിധ വേദികളിലായി അരങ്ങേറുന്നുണ്ട്. കനകക്കുന്നിലെ ട്രേഡ് ഫെയറും എക്സിബിഷനും ഭക്ഷ്യമേളയും ഓണം വാരാഘോഷത്തിന് എത്തുന്നവർ ഏറെയാണ്. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.