പ്രവാസി എഴുത്തുകാരൻ അഭിലാഷ് ജി പിള്ളയുടെ “കാട് തീണ്ടുന്ന കൗമാരം” (കഥകൾ) പ്രകാശനം ചെയ്തു. ഫെബ്രുവരി 10 നു തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.
ശ്രീകൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം അധ്യക്ഷയും സനാതന ധർമ്മ പ്രചാരകമായുമായ ഡോ ലക്ഷ്മി ശങ്കർ ആദ്യപ്രതി ശ്രീമതി പൂങ്കുന്നം ലക്ഷമി മാമിക്ക് നൽകി പ്രകാശന ചടങ്ങ് നിർവ്വഹിച്ചു. മലയാള ഭാഷ ഗവേഷണകേന്ദ്രം സെക്രട്ടറി ഡോ ജോയ് പോൾ അധ്യക്ഷത വഹിച്ചു. പ്രകാശന ചടങ്ങിന് ഒപ്പം കഥാകൃത്തും പുസ്തകത്തിലൂടെ സമൂഹത്തിന്റെ മുന്നിൽ വെയ്ക്കുന്ന ആശങ്കകൾ അടിസ്ഥാനമാക്കി “ആദ്ധ്യാത്മിക ജീവിതത്തിന്റെ അപചയവും കുട്ടികളിലെ സ്വാധീനവും” എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.
റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ലൈബ്രെറിയൻ ശ്രീ സുദേവൻ കൽപ്പറ്റ പുസ്‌തകത്തെ പരിചയപ്പെടുത്തി. റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി അസ്സോസിയേറ്റ് പ്രൊഫസ്സർ ശ്രീ കൃഷ്ണകുമാർ രാമനാഥൻ സെമിനാര് നയിച്ചു. നാടകകൃത്തും എഴുത്തുകാരനുമായ ശ്രീ ഐ ഡി രഞ്ജിത്, പൊതുപ്രവർത്തകനും കലാ സാഹിത്യകാരനുമായ ശ്രീ കൃഷ്ണനുണ്ണി, എ ടി എം എ ഫൗണ്ടേഷൻ ഡയറക്ടർ ശ്രീ സി കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീ സജിനി അഭിലാഷ് സ്വാഗതവും ശ്രീ കൃഷ്ണകുമാർ രാമനാഥൻ കൃതജ്ഞതയും രേഖപ്പെടുത്തി.
അഭിലാഷിന്റെ മൂന്നാമത്തെ പുസ്തകമാണ് കാട് തീണ്ടുന്ന കൗമാരം. ആദ്ധ്യാത്മിക ജീവിത പശ്‌ചാത്തലവും സംസ്കാരവും നാം അറിയാതെ നമ്മിൽ നല്കിവന്നിരുന്ന അച്ചടക്കവും ശുദ്ധീകരണവും ചിന്തനീയമാകുന്ന, കാവുകളും ക്ഷേത്ര സംസ്കാരങ്ങളും അവഗണിച്ചു മുന്നോട്ടു പോകുന്ന ജനത നേരിടേണ്ടി വരുന്ന സാമൂഹികമായ മൂല്യച്യുതികൾ എല്ലാം വരച്ചുകാട്ടുന്ന കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആദ്ധ്യാത്മിക സാംസ്കാരിക മേഖലയിലെ സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ തന്റെ ജീവിതാനുഭവങ്ങൾ കഥകളായി പുനരാവിഷ്കരിക്കുമ്പോൾ ഒരു ജനതയെ അതിലൂടെ കാവുകളിലേക്ക് നയിക്കാനാകും, അകലം കൂടുന്ന നമ്മുടെ ശ്രേഷ്ഠ പൈതൃകത്തിനോട് ചേർത്ത് നിർത്താനാകും എന്ന് കഥാകൃത്തിന്റെ പ്രതീക്ഷകളാണ് പുസ്തകത്തിനൊപ്പം സമൂഹത്തിലേക്ക് നൽകുന്നത് എന്നും അഭിലാഷ് ജി പിള്ള പറഞ്ഞു.