ന്യൂഡൽഹി: രാഹുൽ ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. കെ സി വേണുഗോപാൽ ആണ് ചർച്ചക്ക് മുൻകൈ എടുത്തതെന്നും സമയവും മറ്റു സാഹചര്യങ്ങളും അനുകൂലമാക്കിയയും അദ്ദേഹമാണെന്നും റിപോർട്ടുകൾ ഉണ്ട്. എന്നാൽ അല്പസമയത്തന് ശേഷം കെ സി വേണുഗോപാൽ അവിടെ നിന്ന് മടങ്ങി. പിന്നീട് ശശിതരൂരും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഒരുമിച്ചാണ് ചർച്ച നടത്തിയത്. രാഹുൽ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചർച്ച. രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു. മഞ്ഞുരുകിയെന്നും താനും പാർട്ടിയും ഒരേ ദിശയിൽ എന്നും ശശി തരൂർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും ശശി തരൂർ വ്യക്തമാക്കി. നേരത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ശശി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ച സൗഹാർദ്ദപരമായിരുന്നെന്ന് ശശി തരൂർ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും എന്ന വാക്കു കൊടുത്തു കഴിഞ്ഞു. കഴിഞ്ഞതവണ എല്ലാം 56 സ്ഥാനാർത്ഥികൾക്ക് വേണ്ടി ഇറങ്ങി.ഇത്തവണ അതിൽ കൂടുതൽ ഇറങ്ങും. സിപിഐഎമ്മിലേക്ക് എന്ന കഥകൾ എവിടെ നിന്ന് കിട്ടി എന്ന് അറിയില്ലെന്നും തരൂർ വ്യക്തമാക്കി.
നേരത്തെ കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിൽ രാഹുൽ ഗാന്ധി അവഗണിച്ചതിൽ ശശി തരൂർ അസംതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചു ചേർത്ത കേരളത്തിലെ മുതിർന്ന നേതാക്കളുടെ യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടു നിന്നതും ചർച്ചയായിരുന്നു. നയരൂപീകരണ യോഗത്തിൽ എത്താത്തത് ക്ഷണം വൈകിയത് കൊണ്ടാണെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം മുമ്പാണ് യോഗത്തിന് ക്ഷണിക്കുന്നതെന്നും അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും തരൂർ വ്യക്തമാക്കി. കൃത്യസമയത്ത് ഡൽഹിയിൽ എത്താൻ കഴിയാത്തത് കൊണ്ടാണ് ചർച്ചയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും തരൂർ പറഞ്ഞിരുന്നു. വിഷയത്തിൽ മറ്റ് പ്രശ്‌നങ്ങൾ കാണേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

