മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി മേധാവിയുമായ അജിത് പവാറിനെ വ്യാഴാഴ്ച ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാകയിൽ പൊതിഞ്ഞ മൃതദേഹം ജന്മനാടായ കതേവാഡിയിൽ നിന്ന് ബാരാമതിയിലേക്ക് അന്ത്യകർമങ്ങൾക്കായി കൊണ്ടുവന്നു. വിമാനാപകടത്തിൽ അന്തരിച്ച പ്രിയ നേതാവിനെ അവസാനമായി കാണാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും നാട്ടുകാരുമാണ് ബാരാമതിയിലേക്ക് ഒഴുകിയെത്തുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടെ പുനെ ജില്ലയിലെ വിദ്യാ പ്രതിഷ്ഠാൻ കാമ്പസിലെത്തിച്ച ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൂക്കളാൽ അലംകൃതമായ വാഹനത്തിൽ ഭൗതിക ദേഹം കൊണ്ടുവന്നപ്പോൾ “അജിത് ദാദ അമർ രഹെ”, “അജിത് ദാദ മടങ്ങി വരൂ” തുടങ്ങിയ മുദ്രാവാക്യങ്ങളാൽ ബാരാമതി മുഖരിതമായി. രാവിലെ 9 മണി വരെ കാറ്റേവാഡിയിലെ വസതിയിൽ ഭൗതിക ശരീരം സൂക്ഷിച്ച മൃതദേഹം തുടർന്ന് ആംബുലൻസ് മാർഗ്ഗം ജി.ഡി മഡ്ഗുൽക്കർ ഓഡിറ്റോറിയത്തിൽ എത്തി. അവിടെ നിന്ന് വിലാപയാത്രയായി വിദ്യാ പ്രതിഷ്ഠാൻ മൈതാനത്തേക്ക് കൊണ്ടുപോയി. പവാർ കുടുംബം സ്ഥാപിച്ച ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മൈതാനത്താണ് സംസ്കാര ചടങ്ങുകൾ നടക്കുക. പവാർ കുടുംബവുമായി അടുത്ത ബന്ധമുള്ള ബാരാമതി നഗരം ഇന്നലെ മുതൽ കണ്ണീരിലാണ്.
അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിലെ റൺവേയ്ക്ക് 200 മീറ്റർ മാത്രം അകലെ ബുധനാഴ്ച രാവിലെയാണ് തകർന്നുവീണത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ‘ദാദ’യുടെ അപ്രതീക്ഷിത വിയോഗം എൻസിപിക്കും ബിജെപി നയിക്കുന്ന ഭരണസഖ്യത്തിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അജിത് പവാറിന്റെ സ്മരണയ്ക്കായി ബാരാമതിയിൽ സ്മാരകം നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു.

