മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഐതിഹാസികമായ ആ സമരജീവിതം വരുംതലമുറയ്ക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
വികസനത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും മുൻഗണന നൽകുന്ന ബജറ്റിൽ 2026-27 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തുക, അതായത് 10,189 കോടി രൂപ പ്രാദേശിക സർക്കാരുകളുടെ വികസനത്തിനായി മാറ്റി വെച്ചു.ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ വലിയ പുരോഗതി കൈവരിക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി വ്യക്തമാക്കി. ഇതിനകം 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ സർക്കാർ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

