റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പിൻവലിക്കുമെന്ന് സൂചന നൽകി അമേരിക്ക. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ എണ്ണ വാങ്ങുന്നതുകൊണ്ട് ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവയെത്തുടർന്ന് ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതായും ഇത് അമേരിക്കൻ നയത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഈ താരിഫ് തുടരുന്നുണ്ടെങ്കിലും അത് ഒഴിവാക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ബെസന്റ് വ്യക്തമാക്കിയത്.ഇന്ത്യയുമായി വലിയ വ്യാപാര കരാറുകളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നതിനാൽ യു.എസിന്റെ സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ ഈ നികുതി ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്താൻ വിസമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി വർദ്ധിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും മികച്ച വ്യക്തിയാണെന്നുമാണ് ദാവോസിൽ വെച്ച് നടന്ന മറ്റൊരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. തീരുവ തർക്കം നിലനിൽക്കുന്നെങ്കിലും ഇരു രാജ്യങ്ങൾതമ്മിൽ വ്യാപാര കരാറിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചെന്നും തന്നെ സന്തോഷിപ്പിക്കാനാണ് മോദി ഇത് ചെയ്തതെന്നും ട്രംപ് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.റഷ്യൻ എണ്ണയുടെ കാര്യത്തിൽ അമേരിക്കയുടെ നിലപാടിനൊപ്പം നിന്നില്ലെങ്കിൽ ഇന്ത്യ കടുത്ത വ്യാപാര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു.
അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായ ഉറപ്പുകളൊന്നും നൽകിയിട്ടില്ല.ദേശീയ താൽപ്പര്യവും വിലക്കയറ്റം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും മുൻനിർത്തിയായിരിക്കും ഊർജ്ജ കാര്യത്തിലുള്ള തീരുമാനങ്ങളെന്ന നിലപാടിലാണ് ഇന്ത്യ.

