2026 ലെ പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗതാഗത മേഖല കൈകാര്യം ചെയ്യാൻ പൂർണ്ണ സജ്ജമാണെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുറത്തിറങ്ങുന്നവർ സ്വന്തം വാഹനം എടുക്കാതെ പരമാവധി പൊതുഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. നിവാസികൾക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ പൊതുഗതാഗത സൗകര്യങ്ങളാണ് ഏറ്റവും വിശ്വസനീയമായ മാർഗമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
ഇന്ന് ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണി മുതൽ ജനുവരി 1 വ്യാഴാഴ്ച രാത്രി 11.59 വരെ റെഡ്, ഗ്രീൻ ലൈനുകൾ പ്രവർത്തിക്കും. ഡിസംബർ 31 ന് രാവിലെ 6 മണി മുതൽ പുതുവത്സര ദിനത്തിൽ പുലർച്ചെ 1 മണി വരെ ദുബായ് ട്രാം വിപുലീകൃത സർവീസും വാഗ്ദാനം ചെയ്യും.

