ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ അൻസാർ സേനാംഗമായ ഹിന്ദു യുവാവ് വെടിയേറ്റു മരിച്ചു. സിൽഹെറ്റ് സ്വദേശിയായ ബജേന്ദ്ര ബിശ്വാസ് (40) ആണ് കൊല്ലപ്പെട്ടത്. സുൽത്താന സ്വെറ്റേഴ്‌സ് ലിമിറ്റഡ് എന്ന വസ്ത്ര നിർമ്മാണ ശാലയിൽ സുരക്ഷാ ഡ്യൂട്ടിയിലായിരിക്കെ സഹപ്രവർത്തകന്റെ വെടിയേറ്റാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 6:30-ഓടെ വസ്ത്ര നിർമ്മാണ ശാലയ്ക്കുള്ളിലെ അൻസാർ ബാരക്കിലാണ് സംഭവം നടന്നത്. ബജേന്ദ്ര ബിശ്വാസും സഹപ്രവർത്തകനായ നോമാൻ മിയയും സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ തന്റെ കൈവശമുണ്ടായിരുന്ന സർക്കാർ തോക്ക് ബജേന്ദ്രയ്ക്ക് നേരെ ചൂണ്ടി ‘ഞാൻ വെടിവെക്കട്ടെ?’ എന്ന് ചോദിച്ച ശേഷം നോമാൻ മിയ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുടയിൽ ഗുരുതരമായി പരിക്കേറ്റ ബജേന്ദ്രയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട നോമാൻ മിയയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.തുടർച്ചയായ ആക്രമണങ്ങൾ: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഡിസംബർ 18-ന് മൈമെൻസിംഗിൽ തന്നെ ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ചു ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്ബാരിയിൽ അമൃത് മൊണ്ടൽ എന്ന മറ്റൊരു ഹിന്ദു യുവാവും കൊല്ലപ്പെട്ടു.
ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.

