ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഒരു മൂന്നാം കക്ഷിയുടെയും സഹായം തേടിയിട്ടില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് വെടിനിർത്തൽ തീരുമാനത്തിലെത്തിയതെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. ഈ വർഷം ആദ്യമുണ്ടായ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഒരു മൂന്നാം കക്ഷിയുടെയും സഹായം തേടിയിട്ടില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് വെടിനിർത്തൽ തീരുമാനത്തിലെത്തിയതെന്നും ഇന്ത്യ വ്യക്തമാക്കി.
ബീജിംഗിൽ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കവെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മധ്യസ്ഥത അവകാശപ്പെട്ടത്. ഈ വർഷം നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെയുള്ള വിവിധ ആഗോള പ്രശ്നങ്ങളിൽ ബീജിംഗ് മധ്യസ്ഥത വഹിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
“ഹോട്ട്‌സ്‌പോട്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഈ ചൈനീസ് സമീപനം പിന്തുടർന്ന്, വടക്കൻ മ്യാൻമറിൽ, ഇറാനിയൻ ആണവ പ്രശ്‌നം, പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങൾ, പലസ്തീനും ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങൾ, കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള സമീപകാല സംഘർഷം എന്നിവയിൽ ഞങ്ങൾ മധ്യസ്ഥത വഹിച്ചു,” ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമാനമായ രീതിയിൽ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ചൈനയുടെ ഈ പ്രസ്താവനയെ ‘വിചിത്രം’ എന്നാണ് ഇന്ത്യൻ നയതന്ത്ര വൃത്തങ്ങൾ വിശേഷിപ്പിച്ചത്.
മെയ് 7-ന് ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിക്ക് പിന്നാലെ മെയ് 10-നാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചത്. ഇത് ഇരുരാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (DGMO) നേരിട്ട് നടത്തിയ ഹോട്ട്‌ലൈൻ ചർച്ചകളുടെ ഫലമായാണ്. മെയ് 10-ന് ഉച്ചയ്ക്ക് 3:35-ന് പാകിസ്ഥാൻ ഡിജിഎംഒ ആണ് ഇന്ത്യൻ ഡിജിഎംഒയെ ബന്ധപ്പെട്ടത്. തുടർന്ന് വൈകുന്നേരം 5 മണി മുതൽ കര-വ്യോമ-നാവിക മേഖലകളിൽ വെടിനിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങളിൽ ഒരു മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. മെയ് മാസത്തിലുണ്ടായ ഏറ്റുമുട്ടലിലും ഇത് തന്നെയായിരുന്നു സ്ഥിതി. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതിനെത്തുടർന്നാണ് സംഘർഷം രൂക്ഷമായത്.
ആഗോള വിപണിയിൽ തങ്ങളുടെ ആയുധങ്ങളുടെ ശേഷി തെളിയിക്കാൻ ചൈന ഈ സംഘർഷത്തെ ഒരു ‘ലൈവ് ലാബ്’ ആയി ഉപയോഗിച്ചുവെന്ന് നേരത്തെ ഇന്ത്യൻ സൈനിക വൃത്തങ്ങൾ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ചൈനയുടെ പുതിയ അവകാശവാദം തങ്ങളുടെ നയതന്ത്ര മേധാവിത്വം കാണിക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ എന്ന് നിരീക്ഷകർ കരുതുന്നു.

