ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ അലട്ടിയിരുന്നു. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നവംബർ 23-നാണ് ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 23 മുതൽ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖാലിദ സിയയെ ഡിസംബർ 11-നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ട് ദിവസമായി അവരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ ആരോഗ്യനില കൂടുതൽ മോശമായതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോകാൻ ഖത്തറിൽ നിന്നുള്ള പ്രത്യേക വിമാനം സജ്ജമാക്കിയിരുന്നു. എന്നാൽ വിമാനത്താവളത്തിലേക്ക് മാറ്റാൻ മെഡിക്കൽ ബോർഡ് അനുമതി നൽകാത്തതിനെത്തുടർന്ന് ഇത് നടന്നില്ല. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബൊഗുര-7 മണ്ഡലത്തിൽ നിന്നും ഖാലിദ സിയയ്ക്കായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. 17 വർഷത്തെ പ്രവാസത്തിന് ശേഷം മടങ്ങിയെത്തിയ മകൻ താരിഖ് റഹ്മാൻ തിരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.
1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും രണ്ട് തവണ ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഒരു മുസ്ലീം രാജ്യത്തെ ജനാധിപത്യ സർക്കാരിനെ നയിക്കുന്ന രണ്ടാമത്തെ വനിതയായിരുന്നു അവർ (ആദ്യത്തേത് പാകിസ്ഥാനിലെ ബേനസീർ ഭൂട്ടോ). ബംഗ്ലാദേശിന്റെ ആറാമത്തെ പ്രസിഡന്റും വിമോചന സമരത്തിലെ പ്രമുഖ നേതാവുമായ സിയാവൂർ റഹ്മാന്റെ പത്നിയായിരുന്നു ഖാലിദ. 1981-ൽ സിയാവൂർ റഹ്മാൻ കൊല്ലപ്പെട്ടതിന് ശേഷമാണ് അവർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 1984-ൽ ബിഎൻപി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഖാലിദ സിയ, എച്ച്.എം. എർഷാദിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നയിച്ചു. എർഷാദിന്റെ ഭരണകാലത്ത് ഏഴ് തവണയെങ്കിലും അവർ തടങ്കലിലായിട്ടുണ്ട്.1990-ൽ എർഷാദ് രാജിവെച്ചതിനെത്തുടർന്ന് നടന്ന പൊതുതിരഞ്ഞെടുപ്പിലൂടെയാണ് അവർ ചരിത്രം കുറിച്ചുകൊണ്ട് ആദ്യ വനിതാ പ്രധാനമന്ത്രിയായത്. 1996-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും പ്രതിഷേധങ്ങളെത്തുടർന്ന് ഒരു മാസത്തിനകം രാജി വെച്ചു. പിന്നീട് 2001-ൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. 2007-ൽ അഴിമതി ആരോപണങ്ങളെത്തുടർന്ന് അവർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഖാലിദ സിയയുടെ ഭരണം ശ്രദ്ധിച്ചു. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം, പത്താം ക്ലാസ് വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, പെൺകുട്ടികൾക്ക് സ്റ്റൈപ്പന്റ്, ‘ഭക്ഷണം വിദ്യാഭ്യാസത്തിന്’ തുടങ്ങിയ പദ്ധതികൾ അവർ ആവിഷ്കരിച്ചു. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള പ്രായപരിധി 27-ൽ നിന്നും 30-ലേക്ക് ഉയർത്തിയതും അവരുടെ ഭരണകാലത്താണ്. ഖാലിദ സിയയുടെ വിയോഗത്തോടെ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ഒരു സുപ്രധാന യുഗത്തിന് കൂടി സമാപ്തിയാവുകയാണ്.

