ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സംഘടനാ പ്രവർത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിശാൽ കൊല്ലപ്പെട്ട് പതിമൂന്ന് വർഷങ്ങൾക്കു ശേഷമാണ് വിധി വരുന്നത്. നിരാശകരമായ വിധിയാണ് വന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കോടതി മുമ്പാകെ ഹാജരാക്കിയ തെളിവുകൾ പ്രതികൾ പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി വിധി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണവേളയിൽ സാക്ഷികളായ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ കൂറുമാറിയിരുന്നു. 13 വർഷക്കാലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. 12 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 20 പ്രതികളുള്ള കേസിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. 19 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

