ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്. ആ പ്രചോദനം ഇനിയും തുടരും. മനസിൻ്റേയും ശരീരത്തിൻ്റേയും കേന്ദ്രമാണ് ശിവഗിരി. ജനങ്ങളുടെ മനസിൻ്റെ ഉദ്ദാരണമാണ് ഗുരു ലക്ഷ്യം വച്ചത്. അത് സാധൂകരിച്ചുവെന്നും വിദ്യാഭ്യാസം, അറിവ് സമൂഹത്തിന് നൽകുകയായിരുന്നു ഗുരുവിൻ്റെ ലക്ഷ്യമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ ആഘോഷത്തിന് തുടക്കമായത്.

